ഗീതു മോഹന്‍ദാസ് ഇനി അഭിനയിക്കാനില്ല
ഇനി അഭിനയരംഗത്തേക്കില്ലെന്ന് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്. ഗീതു സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസ് എന്ന ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ച ശേഷം നല്‍കിയ അഭിമുഖത്തിലാണ് അഭിനയിക്കാനില്ലെന്നും സംവിധാനം മാത്രമേ ഇനിയുള്ളൂവെന്നും അവര്‍ നയം വ്യക്തമാക്കിയത്.
ഒന്നുമുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഗീതു ഫാസില്‍ സംവിധാനം ചെയ്ത ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയാണ് നായികയായി തിരിച്ചെത്തിയത്. പിന്നീട് തെങ്കാശിപ്പട്ടണം, അകലെ, ശേഷം ഒരിടം, വാല്‍ക്കണ്ണാടി, നാലു പെണ്ണുങ്ങള്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. തൃപ്തി വരാത്ത വേഷങ്ങള്‍ ചെയ്തു മടുത്തപ്പോഴാണ് അഭിനയം നിര്‍ത്തിയതെന്ന് ഗീതു പറഞ്ഞു.

കരിയറിന്റെ അവസാനകാലത്ത് അഭിനയിച്ച ചിത്രങ്ങളൊന്നുംതിയറ്ററില്‍ എത്തിയില്ല. എല്ലാം ചെയ്തു മടുത്ത വേഷങ്ങള്‍. അങ്ങനെ മടുത്ത് അഭിനയം നിര്‍ത്തുകയായിരുന്നു. അഭിനയത്തില്‍ നിന്നു മാറിനിന്നപ്പോള്‍ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്നു തോന്നി. അങ്ങനെയാണ് ഭര്‍ത്താവ് ക്യാമറാമാന്‍ രാജീവ് രവിയുടെ പ്രോല്‍സാഹനത്തിലൂടെ സംവിധാന രംഗത്തേക്കിറങ്ങിയത്.
ഗീതു സംവിധാനം ചെയ്ത ആദ്യ ഫീച്ചര്‍ ഫിലിമായ ലയേഴ്‌സ് ഡൈസിലൂടെയാണ് ഗീതാഞ്ജലി ഥാപ്പ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. ഛായാഗ്രഹണത്തിന് ഭര്‍ത്താവ് രാജീവ് രവിക്കും ഈ ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം ലഭിച്ചു. ഇപ്പോള്‍ 45 രാജ്യങ്ങളിലെ ചലച്ചിത്രമേളകളിലാണ് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത്.
പുതിയൊരു ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗീതു. അത് ഏതു ഭാഷയിലാണെന്നു വ്യക്തമാക്കിയിട്ടില്ല. ലയേഴ്‌സ് ഡൈസ് ഹിന്ദിയിലായിരുന്നു ചെയ്തത്.


Click it and Unblock the Notifications