കൊച്ചിന്‍ ഹനീഫ ആദ്യമായി നായകനാകുന്നു
കൊച്ചിന്‍ ഹനീഫ ആദ്യമായി നായകനാകുന്നു
ആഗസ്ത് 08, 2000
സി.ഐ മഹാദേവന്‍ അഞ്ചടി നാലിഞ്ച്.... കൊച്ചിന്‍ ഫനീഫ ആദ്യമായി നായകനാകുന്ന മുഴുനീള ഹാസ്യചിത്രം. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവമായ കഥ പറയാനുള്ള സംവിധായകന്‍ കെ.കെ. ഹരിദാസിന്റെ ശ്രമമാണ് സി.ഐ. മഹാദേവന്‍ അഞ്ചടി നാലിഞ്ച്. ഐശ്വര്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാജന്‍ വര്‍ഗീസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
കല്ലിടാം കുന്ന് ഗ്രാമത്തെ നടുക്കിയ മഹാദുരന്തം അന്വേഷിക്കാന്‍ വരുന്ന പോലീസുദ്യോഗസ്ഥനാണ് സി.ഐ മഹാദേവന്‍. കള്ളന്മാരും പോലീസുകാരും കൂട്ടുകച്ചവടം നടത്തുന്ന പോലീസ് സ്റേഷനിലേക്കാണ് കണിശക്കാരനായ മഹാദേവന്‍ പുതിയ ചുമതലയേറ്റു വരുന്നത്.
സത്യസന്ധനും ആദര്‍ശശാലിയുമായ മഹാദേവന്‍ അന്വേഷണം തുടങ്ങിയതോടെ വിവിധ സംഭവങ്ങള്‍ വന്നുകൂടുകയായി. ആ സംഭവവികാസങ്ങളെ നര്‍മ്മത്തില്‍ പൊതിഞ്ഞ് കാഴ്ചക്കാര്‍ക്ക് നല്‍കുകയാണ് സംവിധായകന്‍ കെ.കെ. ഹരിദാസ് സി.ഐ. മഹാദേവന്‍ അഞ്ചടി നാലിഞ്ചില്‍.
സി.ഐ മഹാദേവനെ അവതരിപ്പിക്കുന്നത് കൊച്ചിന്‍ ഹനീഫയാണ്. പോലീസ് സ്റേഷനില്‍ കള്ളന്മാരുമായുള്ള കൂട്ടുകെട്ടിന് നേതൃത്വം വഹിക്കുന്ന സല്‍ഗുണന്‍ എന്ന കഥാപാത്രത്തെ ജഗതി അവതരിപ്പിക്കുന്നു. ശ്രുതിയാണ് നായിക. ഹരിശ്രീ അശോകന്‍, കലാഭവന്‍ മണി, സ്ഫടികം ജോര്‍ജ്ജ്, പ്രേംപ്രകാശ്, വിമല്‍ രാജ്, സുബൈര്‍, രാജന്‍ പി. ദേവ് എന്നിവരാണ് മറ്റഭിനേതാക്കള്‍.
അനീഷ് സദന്റേതാണ് കഥയും തിരക്കഥയും. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് ഈണം പകരുന്നു. എം.ജി. ശ്രീകുമാര്‍, മധു ബാലകൃഷ്ണന്‍, ചിത്ര എന്നിവരാണ് ഗായകര്‍. ഛായാഗ്രഹണം ഉത്പല്‍ വി. നായനാര്‍. എഡിറ്റിംഗ് മുരളിയും കലാസംവിധാനം കൈലാസ് റാവുവും നിര്‍വഹിക്കുന്നു.


Click it and Unblock the Notifications