'ഇന്ന് കറുത്ത നായകന്റെ കഥകൾ പറയാനും നായികക്ക് വെളുപ്പ് നിർബന്ധമാണ്': ഹരീഷ് പേരടി
മലയാള സിനിമയിലെ കറുപ്പിന്റെ സൗന്ദര്യത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ഹരീഷ് പേരടി. സംവിധായകന്‍ ഭരതനെ കുറിച്ചുളള പോസ്റ്റിലാണ് ഹരീഷ് പേരടി ഇതേ കുറിച്ച് പറയുന്നത്. ഇന്ന് സിനിമ മാറിയപ്പോള്‍ കറുത്ത നായികമാര്‍ ഇല്ലാതായി എന്നും കറുത്തവളുടെ കഥ പറയാന്‍ വെളുത്ത നടികള്‍ കറുത്ത നിറം കലക്കിയ പാത്രത്തില്‍ ചാടണമെന്നായെന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകനാണ് ഭരതനെന്നും നടന്‍ കുറിച്ചു.

ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്: കറുത്ത നിറത്തിന് ഞങ്ങളുടെ ടീനേജ് മനസ്സിൽ നായികാ സങ്കൽപമുണ്ടാക്കിയ സംവിധായകൻ..പിന്നിട് കറുത്ത നിറമുള്ള പെൺകുട്ടികളെ കാണുമ്പോൾ ബഹുമാനം ഉണ്ടാക്കിയ കലാകാരൻ.. അന്നത്തെ കാമുകൻമാർക്ക് കാമുകി ഒരു ഭരതൻ ടച്ചാണെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമായിരുന്നു. സൂര്യ എന്ന നടി പറങ്കി മലയിലൂടെ വളർന്ന് ആദാമിന്റെ വാരിയെല്ലിൽ എത്തുമ്പോഴേക്കും കലയും കച്ചവടവും നടക്കുന്ന സിനിമാ സൗന്ദര്യബോധമായി അത് മാറിയിരുന്നു.
ശാരിയിലൂടെയും മാതുവിലൂടെയും അത് കുറച്ച് കാലം കൂടി നിലനിന്നിരുന്നെങ്കിലും ആ കറുത്ത സൗന്ദര്യങ്ങൾ മലയാള സിനിമക്ക് എവിടെയോ നഷ്ട്ടപ്പെട്ടു. വെളുത്ത നായകൻ ഒരിക്കലും കറുത്തപെണ്ണിനേ പ്രേമിക്കാൻ പാടില്ലാ എന്നും സിനിമ കാണുന്ന നമുക്ക് ഉറപ്പാണ്. അയ്യപ്പൻ നായരുടെ ഭാര്യ കറുത്തവളാവൻ പോലും ഒരു കാരണമുണ്ട്. അയാൾ ശരിക്കും ഒരു നായരല്ലാ എന്നതുതന്നെ. ഇന്ന് കറുത്തവളുടെ കഥ പറയാനും വെളുത്ത നടികൾ കറുത്ത നിറം കലക്കിയ പാത്രത്തിൽ ചാടണം. നമ്മുടെ വെളുത്ത നടി നടൻമാർ നമുക്ക് വേണ്ടി എത്ര കഷട്ടപെടുന്നുണ്ട് ല്ലേ?, ഹരീഷ് പേരടി കുറിച്ചു.
അതേസമയം സഹനായക വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ താരമാണ് ഹരീഷ് പേരടി. അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രമാണ് നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്.തുടര്‍ന്ന് മലയാളത്തിലെ തിരക്കേറിയ നടന്മാരിലൊരാളായും അദ്ദേഹം മാറിയിരുന്നു. മലയാളത്തിന് പുറമെ തമിഴകത്തും ഹരീഷ് പേരടി തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് താരം എത്തിയിരുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് ഹരീഷ് പേരടി.


Click it and Unblock the Notifications