'ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷയ്ക്ക് പുല്ല് വില കൽപ്പിച്ച് ആട്ടം നടത്തി'; വിമർശിച്ച് ഹരീഷ് പേരടി
ഉമ തോമസ് എംഎൽഎ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. എംഎൽഎക്ക് ഗുരുതര പരിക്ക് പറ്റിയിട്ടും നൃത്തപരിപാടി നടത്തിയതിലാണ് വിമർശനം. സ്റ്റേഡിയത്തിലെത്തിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷയ്ക്ക് പുല്ലു വിലയാണ് നൽകിയതെന്ന് നടൻ വിമർശിച്ചു. മനുഷ്യ ജീവനേക്കാൾ കേരളം ഗിന്നസ് റെക്കോഡിനെ സ്നേഹിക്കുന്നെന്നും ഹരീഷ് പേരടി കുറ്റപ്പെടുത്തി.
'ബാരിക്കേഡിന് പകരം റിബൺ. ഒരു എംഎൽഎക്ക് ഇതാണ് സ്ഥിതിയെങ്കിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്ന സാധാരണ മനുഷ്യരുടെ സുരക്ഷയെന്താണ്. നാഴികക്ക് നാൽപ്പതുവട്ടം വികസിതം എന്ന് അവകാശപ്പെടുന്ന കേരളമേ..ഗിന്നസ് ബുക്കിലേക്ക് ഇതുകൂടെ നിങ്ങൾ എഴുതി ചേർക്കണം'
"യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെ കെട്ടിപൊക്കിയ ഒരു വേദിയിൽ നിന്ന് ഒരു ജനപ്രതിനിധി വീണ് ഗുരുതരമായ പരിക്കുകളോടെ ആശുപ്രത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടും അവിടെ കുടിയ ജനങ്ങളുടെയും കലാകാരികളുടെയും സുരക്ഷക്ക് പുല്ല് വില കൽപ്പിച്ച് ഞങ്ങൾ ആട്ടം നടത്തി ഗിന്നസ് ബുക്കിലെത്തി" എന്ന്... ചരിത്രത്തിൽ സാക്ഷര കേരളത്തിന് വലിയ ഇടമുണ്ട്. മനുഷ്യ ജീവനേക്കാൾ ഞങ്ങൾ ഗിന്നസ് ബുക്കിനെ സ്നേഹിക്കുന്നു,' ഹരീഷ് പേരടിയുടെ കുറിപ്പിങ്ങനെ.

ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഉമ തോമസ്. മൃദംഗനാദം എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു നൃത്ത പരിപാടി. അതേസമയം നൃത്തപരിപാടി നടത്തിയ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നൃത്തപരിപാടി നടത്തിയതിനാണ് കേസ്. സ്റ്റേജ് നിർമാണ കരാറുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.


Click it and Unblock the Notifications











