മണിയെ പ്രേക്ഷകര്‍ക്ക് മടുത്തോ?
ആക്ഷന്‍ നായകനെന്ന നിലയില്‍ കലാഭവന്‍ മണിയുടെ പ്രകടനം പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങിയോ? മണിയുടെ ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രകടനമാണ് ഇത്തരമൊരു ചോദ്യമുയര്‍ത്തിയിട്ടുള്ളത്.
'കേരള പോലീസ്' എന്ന പക്കാ ആക്ഷന്‍ ചിത്രവും കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കിയ സ്വര്‍ണത്തിന്റെയും ബോക്‌സ് ഓഫീസ് പ്രകടനമാണ് മണിയെ പ്രേക്ഷകര്‍ക്ക് മടുത്തു തുടങ്ങിയതിന്റെ തെളിവായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
മുമ്പ് മണിയുടെതായി തന്നെ പുറത്തിറങ്ങിയ ഇത്തരം ചിത്രങ്ങള്‍ക്ക് ഒരു വിഭാഗം പ്രേക്ഷകരെയെങ്കിലും തൃപ്‌തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നു. പലപ്പോഴും നല്ല ബോക്‌സ് ഓഫീസ് പ്രകടനം കാഴ്ച വെയ്ക്കാനും ഈ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നു.
എന്നാല്‍ ആവര്‍ത്തന വിരസത അനുഭവപ്പെടുന്ന അഭിനയ രീതിയും ഉച്ചത്തിലുള്ള ഡയലോഗ് പ്രസന്റേഷനുമെല്ലാം പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ മടുത്തു തുടങ്ങിയിരിക്കുകയാണ്.
നേരത്തെ തമിഴിലും തെലുങ്കിലുമെല്ലാം മണി അഭിനയിച്ചു ഫലിപ്പിച്ച വില്ലന്‍ വേഷങ്ങളുടെ നിഴലുകള്‍ മണിയുടെ ഇപ്പോഴത്തെ ചിത്രങ്ങളില്‍ വ്യക്തമായി അനുഭവപ്പെടുന്നുണ്ട്. പലപ്പോഴും ഇത് മിമിക്രിയുടെ നിലവാരത്തിലേക്കും താഴുന്നുണ്ടെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
എന്തൊക്കെയായാലും ആക്ഷന്‍ ചിത്രങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് മണിയുടെ തീരുമാനം. ഈ നിരയിലെ ഏറ്റവും പുതിയ ചിത്രമായ ആണ്ടവന്റെ വിജയ പരാജയങ്ങള്‍ അറിയാനിരിക്കുന്നതെയുള്ളൂ.


Click it and Unblock the Notifications