മൈഡിയര്‍ കുട്ടിച്ചാത്തന്‍ വക്കീലായി
കൊച്ചി: മലയാള സിനിമാ ചരിത്രത്തില്‍ ഇടം നേടിയ ത്രിമാന ചിത്രമായ ഹലോ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ കുട്ടിച്ചാത്തനായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരം ഇപ്പോള്‍ എവിടെയായിരിക്കും? ബാലതാരമാകുന്ന താരങ്ങള്‍ ഭൂരിഭാഗംപേരും പിന്നീടും സിനിമയില്‍ സജീവമായപ്പോള്‍ കുട്ടിച്ചാത്തന്‍ മറഞ്ഞുപോയതെങ്ങോട്ടാണ്?
ഒരു പക്ഷേ, ഈ അന്വേഷണം ചെന്നെത്തുക കേരള ഹൈക്കോടതിയിലായിരിക്കും. കുട്ടിച്ചാത്തനായി വേഷമിട്ട വീട്ടുകാര്‍ അരവിന്ദ് എന്നു വിളിക്കുന്ന എം പി രാംനാഥ് ഇപ്പോള്‍ ഹൈക്കോടതിയിലെ അഡ്വ. എം പി രാംനാഥ് ആണ്. 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഓണക്കാലത്തായിരുന്നു സിനിമ പുറത്തിറങ്ങിയത്. ത്രിമാനചിത്രം എന്നതിലുപരി ബാലതാരങ്ങളുടെ അസാമാന്യ പ്രകടനവുമായി എല്ലാവിഭാഗം പ്രേക്ഷകരെയും തിയറ്ററിലെത്തിക്കാന്‍ സിനിമയ്ക്കു കഴിഞ്ഞിരുന്നു.

കുട്ടിച്ചാത്തനായി വേഷമിട്ട രാംനാഥ് തന്നെയായിരുന്നു സിനിമയിലെ പ്രധാന ആകര്‍ഷകം. എം.ടിയുടെ കഥയും തിരക്കഥയും നിര്‍വഹിച്ച കെ എസ് സേതുമാധവന്‍ സംവിധാനം നിര്‍വഹിച്ച ഓപ്പോള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രാംനാഥ് ബാലതാരമായി സിനിമയിലെത്തുന്നത്. ചിത്രത്തിലെ അനുപമമായ അഭിനയത്തിന് 1980ല്‍ മികച്ച ബാലനടനുള്ള ദേശീയ പുരസ്‌കാരം ആദ്യമായി മലയാളക്കരയിലേക്ക് രാംനാഥ് കൊണ്ടുവന്നു.
കുട്ടിച്ചാത്തനിലൂടെ രണ്ടാം വട്ടവും മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് രാംനാഥ് സ്വന്തമാക്കി. സത്യന്‍ അന്തിക്കാടിന്റെ കളിയില്‍ അല്‍പം കാര്യം എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തില്‍ രാംനാഥ് അഭിനയിച്ചു. പിന്നീടും ഒട്ടേറെ അവസരങ്ങള്‍ തേടിയെത്തിയെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും രാംനാഥ് അകന്നു പോവുകയായിരുന്നു. മദ്രാസ് ലയോള കോളജില്‍ നിന്നു ഡിഗ്രിയും, എറണാകുളം ലോ കോളജില്‍ നിന്നു നിയമ പഠനവും പാസായശേഷമാണ് രാംനാഥ് അഭിഭാഷക വൃത്തിയിലേക്ക് കടന്നത്.


Click it and Unblock the Notifications











