കൂട്ടുകുടുംബത്തിലെ താരപുത്രന്‍; നടൻ പുനീതിൻ്റെ വേര്‍പാടിൽ നൊന്ത് കന്നഡലോകം, അശ്വിനിയുടെ പ്രിയപ്പെട്ടവന് വിട
സൂപ്പര്‍താരം പുനീത് രാജ്കുമാര്‍ അന്തരിച്ചു. കന്നഡ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് താരത്തിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത്. ആരോഗ്യവാനായ താരം രാവിലെ വര്‍ക്കൗട്ടിന് ജിമ്മിലെത്തിയത് ആയിരുന്നു. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. കന്നഡത്തിലെ പ്രമുഖ നടനും ഗായകനുമായിരുന്ന ഡോ. രാജ്കുമാറിന്റെ മകനാണ് പുനീത്. നടന്മാരായ ശിവയുടെയും രാഘവേന്ദ്രയുടെയും സഹോദരന്‍ കൂടിയാണ് പുനീത്.
Recommended Video
വെള്ളയഴകിൽ പാർവതി നായർ, ആരെയും മയക്കുന്ന നടിയുടെ ചിത്രങ്ങൾ കാണാം
കന്നഡയിലെ രാജ്കുമാര്‍ കുടുംബത്തിലെ സൂപ്പര്‍ താരമായി പുനീത് വളരെ പെട്ടെന്നാണ് വളര്‍ന്ന് വന്നത്. താരത്തിന്റെ വേര്‍പാടിന് പിന്നാലെ നിരവധി കഥകളാണ് പുറത്ത് വരുന്നത്. നായകനായി വെള്ളിത്തിരയിലേക്ക് ചുവട് വെക്കുന്നതിന് മുന്‍പ് നടന്മാരായ സഹോദരന്മാരുടെ കൂടെ സിനിമയുടെ ലൊക്കേഷനിലേക്ക് പുനീതും പോവുമായിരുന്നു. അഭിനയിക്കാന്‍ ഏറെ ഇഷ്ടമുണ്ടായിരുന്ന താരം അങ്ങനെയാണ് കരിയര്‍ തുടങ്ങുന്നത്.

പല അഭിമുഖങ്ങളിലും പുനീതിനോട് ചോദിച്ചിരുന്ന കാര്യം ഇതായിരുന്നു. പിതാവും സഹോദരങ്ങളും അഭിനയിക്കുന്നത് നിരീക്ഷിച്ചിരുന്നോ, അവരില്‍ നിന്നും എന്തെങ്കിലും കുറുക്ക് വഴികള്‍ ലഭിച്ചിട്ടാണോ അഭിനയത്തില്‍ സജീവമായത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കെല്ലാം ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം മറുപടി പറയാറുള്ളത്. 'സ്വന്തം സ്വഭാവത്തില്‍ ജീവിക്കാന്‍ ശ്രമിക്കരുത്. പകരം അത് നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്' എന്ന അമേരിക്കന്‍ സംവിധായകനും നടനുമായ റോബര്‍ട്ട് ഡി നിരോയുടെ സിദ്ധാന്തമാണ് പുനീത് പാലിച്ച് പോന്നിരുന്നത്.

തങ്ങളുടെത് ഒരു അടിപൊളി ഫാമിലിയാണ്. വളരെ കാഷ്യുലായിട്ടാണ് ജീവിച്ച് പോരുന്നത്. അതുകൊണ്ട് തന്നെ ചെറുപ്പം മുതലേ സിനിമയുടെ സെറ്റില്‍ പോയി കളിക്കുമായിരുന്നതായിട്ടും മുന്‍പൊരു അഭിമുഖത്തില്‍ പുനീത് പറഞ്ഞിരുന്നു. ജയിംസ്, ദിത്വ, എന്നിങ്ങനെ രണ്ട് സിനിമകളാണ് ചിത്രീകരണം നടന്ന് കൊണ്ടിരുന്ന പുനീതിന്റെ സിനിമകള്‍. ഇത് കൂടാതെ താരം നിര്‍മ്മിക്കുന്നതും അല്ലാത്തതുമായ വേറെയും ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായ വിയോഗത്തില്‍ ഭാര്യ അശ്വിനിയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ കുറിച്ചാണ് ആരാധകര്‍ ഓര്‍മ്മിക്കുന്നത്.

വിദ്യാഭ്യാസത്തിന് ശേഷം ഇരുവരുടെയും പൊതുസുഹൃത്തുക്കള്‍ വഴിയാണ് അശ്വിനിയും പുനീതും തമ്മില്‍ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയിലൊന്നും ഇരുവരും തമ്മില്‍ പ്രണയം ഇല്ലായിരുന്നു. കുറച്ച് കാലം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും അടുപ്പത്തിലാവുന്നതായി അറിയുന്നത്. വൈകാതെ ഡേറ്റിങ് ആരംഭിക്കുകയും വിവാഹിതരാവാമെന്ന് തീരുമാനിക്കുകയും ചെയ്തു. അശ്വിനിയുമായി വിവാഹം കഴിക്കണമെന്ന കാര്യം വീട്ടുകാരെ അറിയിച്ച നിമിഷം ഒരിക്കലും മറക്കാന്‍ പറ്റില്ല. കാരണം അത്തരം കാര്യങ്ങളില്‍ സ്വതന്ത്ര്യമായി ഇതുവരെ സംസാരിച്ചിട്ടില്ല എന്നുമായിരുന്നു പുനീത് പറഞ്ഞിരുന്നത്.

ഞാന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്ത് തരണമെന്ന് പറഞ്ഞ് അച്ഛന്റെ മുന്നില്‍ പോയി നിന്നത് ആദ്യമായിട്ടാണ്. ഇക്കാര്യം അമ്മയോട് പോയി പറയാനാണ് അച്ഛന്‍ പറഞ്ഞത്. വൈകാതെ കാര്യങ്ങളെല്ലാം ശരിയായി വരികയായിരുന്നു. തങ്ങളുടേത് മുപ്പത് പേരടങ്ങിയ കൂട്ടുകുടുംബമാണ്. അത് അശ്വിനിയ്ക്ക് ആദ്യം ഉള്‍കൊള്ളാന്‍ സാധിച്ചില്ലെങ്കിലും പിന്നീട് പൊരുത്തപ്പെട്ടു. രാജ്കുമാറിന്റെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയപുത്രനായിരുന്നു പുനീത്. സിനിമയിലേക്ക് വന്നതിന് ശേഷം സൂപ്പര്‍സ്റ്റാറായി വളര്‍ന്ന പുനീതിന് സിനിമാലോകം ഒന്നടങ്കം അനുശോചനം രേഖപ്പെടുത്തി വന്നിരിക്കുകയാണ്.


Click it and Unblock the Notifications











