ഹോളിഡേ 100കോടി ക്ലബ്ബില്‍; മുരുഗദോസ് താരമായി
പുത്തന്‍ ബോളിവുഡ് ചിത്രമായ ഹോളിഡേയും 100 കോടി ക്ലബ്ബില്‍ ഇടം പിടിച്ചതോടെ തെന്നിന്ത്യന്‍ സംവിധായകന്‍ എആര്‍ മുരുഗദോസിന് ബോളിവുഡില്‍ പൊന്നുംവില. ബോളിവുഡിലെ മുന്‍നിരസംവിധായകര്‍ക്കിടയിലേയ്ക്ക് ഇതോടെ മുരുഗദോസും എത്തിയിരിക്കുകയാണ്. നേരത്തേ അമീര്‍ ഖാനെ നായകനാക്കി ഗജിനിയെന്ന ചിത്രം ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്താണ് മുരുഗദോസ് ബോളിവുഡില്‍ അരങ്ങേറിയത്. ആ ചിത്രവും വമ്പന്‍ വിജയം നേടിയിരുന്നു. ഇപ്പോള്‍ രണ്ടാമത്തെ ചിത്രത്തിലൂടെ താന്‍ ഒറ്റച്ചിത്ര പ്രതിഭാസമല്ലെന്നുള്ളകാര്യം മുരുഗദോസ് തെളിയിച്ചുകഴിഞ്ഞു.
ഇന്ത്യയിലെ തിയേറ്ററുകളില്‍ നിന്നുമാത്രമായിട്ടാണ് അക്ഷയ് കുമാറും സോനാക്ഷി സിന്‍ഹയും ജോഡികളായി എത്തിയ ഹോളിഡേ നൂറുകോടി കളക്ഷന്‍ നേടിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള കളക്ഷന്‍ 150കോടി കടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴില്‍ വിജയ് നായകനായ സൂപ്പര്‍ച്ചിത്രം തുപ്പാക്കിയാണ് മുരുഗദോസ് ഹിന്ദിയില്‍ ഹോളിഡേയാക്കിയത്.

ഹോളിഡേ 100കോടി ക്ലബ്ബില്‍ കടന്നതോടെ മുരുഗദോസിന് മുന്നില്‍ ബോളിവുഡ് നിര്‍മ്മാതാക്കളുടെ നീണ്ട ക്യൂവാണെന്നാണ് കേള്‍ക്കുന്നത്. തങ്ങളുടെ അടുത്തപടം മുരുഗദോസ് സംവിധാനം ചെയ്യണമെന്നതാണത്രേ ഏവരുടെയും ആവശ്യം. ഇപ്പോള്‍ വിജയ് നായകനാകുന്ന തമിഴ് ചിത്രമായ കത്തിയുടെ തിരക്കുകളിലാണ് മുരുഗദോസ്. കത്തിയുടെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്.
ഈ ചിത്രം കഴിഞ്ഞാല്‍ ബോളിവുഡില്‍ മുരുഗദോസ് മറ്റൊരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. സോനാക്ഷി സിന്‍ഹ നായികയാകുന്ന ആക്ഷന്‍ ചിത്രമായിരിക്കുമിതെന്നാണ് കേള്‍ക്കുന്നത്. ചിത്രം നായികാപ്രാധാന്യമുള്ളതാണത്രേ.


Click it and Unblock the Notifications











