മിയ പോയി, സുരേഷ് ഗോപിയ്ക്ക് ഹണി നായിക
'മൈ ഗോഡ്' എന്ന ചിത്രത്തില്‍ മിയ ജോര്‍ജ് പിന്മാറിയതിനെ തുടര്‍ന്ന് സുരേഷ് ഗോപിയ്ക്ക് നായികയായി ഹണി റോസ് എത്തും. തമിഴിലെ ചില തിരക്കുകള്‍ കാരണം മിയ പിന്മാറിയതോടെയാണ് നറുക്ക് ഹണി റോസിന് വീണത്. ചെറിയ നാളത്തെ ഇടവേളയ്ക്ക് ശേഷം ഹണിയുടെ തിരിച്ചുവരവ് കൂടെയാണ് മൈ ഗോഡ്.
ഒരു പീഡിയാട്രിക് സൈക്കോളജിസ്റ്റിന്റെ വേഷമാണ് ഹണി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ആദിരാജ ഭട്ടതിരി എന്ന ഐ ടി കമ്പനിയിലെ സി ഇ ഒയാകും സുരേഷ് ഗോപി എത്തുക. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വളരെ ബോള്‍ഡായൊരു പ്രവര്‍ത്തക കൂടിയാണ് ഹണി അവതരിപ്പിക്കുന്ന കഥാപാത്രം.

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ആഴ്ച ആരംഭിയ്ക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ മിയ പിന്മാറിയതോടെ പുതിയ നായികയെകണ്ടെത്താനുള്ള തിരക്കിലായിരുന്നു സംവിധായകന്‍ എം മോഹന്‍. അടുത്ത ആഴ്ച ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും
ഈ വര്‍ഷം ആദ്യം ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പഠിക്കാനായി ഊട്ടിയില്‍ പോയതായിരുന്നു ഹണി റോസ്. അതിന് വേണ്ടി സിനിമയില്‍ നിന്ന് അവധിയുമെടുത്തു. എന്നാല്‍ അവിടെയുള്ള കര്‍ശന നടപടികള്‍ പിന്തുടരാന്‍ കഴിയാതെയായപ്പോള്‍ പഠനം ഉപേക്ഷിച്ചു മടങ്ങി. ഇപ്പോള്‍ കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ് പഠിക്കാനുള്ള ശ്രമത്തിലാണ് താരം.
ഹണി റോസിനെയും സുരേഷ് ഗോപിയെയും കൂടാതെ സനൂപ് സന്തോഷും ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നു. 'ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സനൂപ്, ചിത്രത്തില്‍ ഒരു 15 വയസ്സുകാരന്റെ വേഷത്തിലാണ് എത്തുന്നത്. ഇവന്റെ സംഘര്‍ഷഭരിതമായ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്.


Click it and Unblock the Notifications











