»   » ഋഷികേശ് മുഖര്‍ജിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

ഋഷികേശ് മുഖര്‍ജിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

Posted By:
Subscribe to Filmibeat Malayalam

ഋഷികേശ് മുഖര്‍ജിക്ക് ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്
സപ്തംബര്‍ 05, 2000

ദില്ലി: ചലച്ചിത്ര സംവിധായകന്‍ ഋഷികേശ് മുഖര്‍ജിക്ക് കഴിഞ്ഞ വര്‍ഷത്തെ ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ്. ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് മുഖര്‍ജിയെ ഈ അവാര്‍ഡിന് തിരഞ്ഞെടുത്തത്.

സ്വര്‍ണ്ണകമലവും രണ്ടു ലക്ഷം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ 18-ന് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ മുഖര്‍ജിക്ക് വിതരണം ചെയ്യും. അന്നു തന്നെയാണ് ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

1922-ല്‍ കല്‍ക്കത്തയില്‍ ജനിച്ച ഋഷികേശ് മുഖര്‍ജി ആദ്യം അധ്യാപകനായും പിന്നീട് ആകാശവാണിയിലെ ഫ്രീലാന്‍സ് കലാകാരനുമായാണ് ജീവിതം ആരംഭിച്ചത്. 1945-ല്‍ ന്യൂ തിയേറ്റേഴ്സ് സ്റുഡിയോവില്‍ ലാബ് അസിസ്റന്റായി ചേര്‍ന്നു. പിന്നീട് അവിടെത്തന്നെ ഫിലിം എഡിറ്ററായി സേവനമനുഷ്ഠിച്ചു. 1950-ല്‍ പുറത്തിറങ്ങിയ തതാപിയ്ക്കു വേണ്ടിയാണ് അദ്ദേഹം ആദ്യമായി എഡിറ്റിംഗ് നിര്‍വഹിച്ചത്. ബിമല്‍ റോയിയുടെ സഹസംവിധായകനായും എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

1957-ല്‍ ഇറങ്ങിയ മുസാഫിര്‍ ആണ് മുഖര്‍ജി സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് ദേശീയതലത്തിലുള്ള സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് അവാര്‍ഡും ലഭിച്ചു. അനാരി, അനുരാധ, അനുപമ, ആനന്ദ്, അഭിമാന്‍, നമക് ഹരാം, ചുപ്കെ ചുപ്കെ, മിലി, അര്‍ജുന്‍ പണ്ഡിറ്റ്, നൗക്രി, ഗോള്‍മാല്‍, ബെമീസാല്‍, രംഗ് ബിരംഗി, ജൂതി, ഹം ഹിന്ദുസ്ഥാനി, തലാഷ്, ജൂത് ബോലെ കോ കാതെ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനചിത്രങ്ങള്‍.

ദേശീയതലത്തില്‍ ഏറെ അംഗീകരിക്കപ്പെട്ട മുഖര്‍ജി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍, ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എന്നീ സംഘടനകളുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X