ഹംഷകല്‍സില്‍ തെറ്റുപറ്റി; ഇനി ആവര്‍ത്തിക്കില്ലെന്ന് സെയ്ഫ് അലി ഖാന്‍
മുംബൈ: ബോളിവുഡ് താരസമൃദ്ധിയാല്‍ കൊട്ടിഘോഷിച്ച് പുറത്തിറക്കിയ ഹംഷകല്‍സ് എന്ന സിനിമ തനിക്കു പറ്റിയ തെറ്റാണെന്ന് ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലിഖാന്‍. ചിത്രത്തിലെ നായികയായ ഇഷ ഗുപ്ത ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് മോശം അഭിപ്രായം രേഖപ്പെടുത്തിയതിന് തൊട്ടു പിന്നാലെയാണ് സെയ്ഫ് അലിഖാനും കുറ്റ സമ്മതവുമായി രംഗത്തെത്തിയത്.
ഏറെ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയതെന്ന് ചിത്രത്തിലെ അഭിനേതാക്കളുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ പ്രേക്ഷകര്‍ ചിത്രം കൈവിട്ടതോടെയാണ് അഭിനേതാക്കള്‍ തന്നെ പരസ്യമായി വിമര്‍ശിച്ചത്. ഇതുപോലുള്ള ചിത്രത്തില്‍ ഭാവിയില്‍ താന്‍ അഭിനയിക്കില്ലെന്നുവരെ സെയ്ഫ് അലിഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

തിരക്കഥ നല്ലതാണെന്നായിന്നു സാജിദ് ഖാന്‍ കഥപറയുമ്പോള്‍ തോന്നിയിരുന്നത്. എന്നാല്‍, കഥ അദ്ദേഹത്തിന്റെ മനസില്‍ മാത്രമായിരുന്നെന്നും ചിത്രത്തില്‍ പ്രതിഫലിച്ചില്ലെന്നും സെയ്ഫ് കുറ്റപ്പെടുത്തി. ചിത്രത്തില്‍ കോമഡി അഭിനയിക്കുമ്പോള്‍ തന്നെ തനിക്ക് അരോചകമായി തോന്നിയിരുന്നു. എന്നാല്‍ തിയേറ്ററിലെത്തുമ്പോഴേക്കും എല്ലാം ശരിയാകുമെന്നായിരുന്നു കണക്കു കൂട്ടിയിരുന്നതെന്ന് സെയ്ഫ് പ്രതികരിച്ചു.
ചിത്രം കാണാന്‍ പോകരുതെന്ന് നായിക ഇഷ തന്റെ പിതാവിനോട് പറഞ്ഞിരുന്നതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. റിതേഷ് ദേശ്മുഖ്, ബിപാഷ ബസു, തമന്ന എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ബോളിവുഡ് ചിത്രങ്ങള്‍ കോടികള്‍ വാരുമ്പോള്‍ ശരാശരി പ്രതികരണം പോലും ഹംഷകല്‍സിന് ലഭിച്ചില്ലെന്നതാണ് വാസ്തവം.


Click it and Unblock the Notifications