കമലിന്റെ മമ്മൂട്ടി ചിത്രം എന്ത് കൊണ്ട് വൈകി?
'കറുത്ത പക്ഷികള്‍' എന്ന ചിത്രത്തിന് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു എന്ന് വാര്‍ത്തകളും അതിന് പിന്നാലെ മമ്മൂട്ടി ചിത്രം കമല്‍ ഉപേക്ഷിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രം പ്രഖ്യാപിച്ചിട്ടും പിന്നീട് അതേകുറിച്ചൊരു വിവരവുമില്ലാതായപ്പോഴാണ് കമല്‍ ചിത്രം ഉപേക്ഷിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.
എന്നാല്‍ ഗോസിപ്പുകള്‍ക്ക് വിശദീകരണവുമായി കമല്‍ തന്നെ രംഗത്തെത്തി. ചിത്രം താന്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. ആരോഗ്യപരമായി ചില പ്രശ്‌നങ്ങളുള്ളതുകൊണ്ടാണ് ഷൂട്ടിങ് തള്ളിവയ്‌ക്കേണ്ടി വന്നത്. ഒരു ആയുര്‍വേദ ചികിത്സയിലായിരുന്നു കമല്‍.

എട്ട് വര്‍ഷത്തിന് ശേഷം കമലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുമ്പോള്‍ മികച്ചതല്ലാതെ, അതില്‍ കുറഞ്ഞതൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. 2006 ല്‍ പുറത്തിറങ്ങിയ കറുത്ത പക്ഷികളിലാണ് കമലും മമ്മൂട്ടിയും ഒടുവില്‍ ഒന്നിച്ചത്. ആ വര്‍ഷത്തെ മികച്ച കുടുംബചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് കറുത്ത പക്ഷികള്‍ക്കാണ്.
മമ്മൂട്ടിയെ നായകനാക്കി കമല്‍ ഒക്ടോബറില്‍ സംവിധാനത്തിനൊരുങ്ങുന്ന ചിത്രം ഒരു ആക്ഷേപഹാസ്യമാണ്. പിഎസ് റഫീക് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ ഒരു സാധാരണക്കാരനായിട്ടായിരിക്കും മമ്മൂട്ടിയെത്തുക.
ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ഇല്ലാത്തതും മമ്മൂട്ടി മറ്റ് പല ചിത്രങ്ങളുമായി തിരക്കിലായതും കമല്‍ ചിത്രം ഉപക്ഷേിച്ചെന്നു വിശ്വസിക്കാന്‍ കാരണമായി. മാത്രമല്ല, അടുത്തിടെ കമലിനെയും വെള്ളിത്തിരയില്‍ കണ്ടതേയില്ല. എന്തായാലും താമസിയാതെ കമല്‍ മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരു മികച്ച ചിത്രം പ്രതീക്ഷിക്കാം.


Click it and Unblock the Notifications