തമിഴ് ചിത്രങ്ങള്‍ ചെയ്തത് പണത്തിന് വേണ്ടി: റഹ്മാന്‍
എക്കാലത്തും മലയാളികളുടെ പ്രിയതാരമാണ് റഹ്മാന്‍. എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ആയിരുന്നപ്പോള്‍ മുതല്‍ ഇപ്പോള്‍ സീരിയസ് വേഷങ്ങള്‍ ചെയ്യുന്ന ഇക്കാലംവരെ റഹ്മാന്‍ മലയാളത്തിന്റെ പ്രിയതാരമാണ്. മലയാളത്തിനൊപ്പം തമിഴിലും പേരെടുത്ത റഹ്മാന്‍ പക്ഷേ എന്തുകൊണ്ടോ സ്ഥിരമായി സിനിമയില്‍ ഇല്ലാതെ പോകുന്നു. ഇതിനെക്കുറിച്ച് ചോദിയ്ക്കുമ്പോള്‍ പല ഭാഷാസിനിമകളുമായി തിരക്കിലായിപ്പോകുന്നതിനാലാണ് പലപ്പോഴും മലയാളത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയാതിരുന്നതെന്നാണ് റഹ്മാന്‍ പറയുന്നത്.
ഞാന്‍ തമിഴിലും മറ്റും ചിത്രങ്ങള്‍ ചെയ്തത് പണത്തിന് വേണ്ടിത്തന്നെയാണ്. എന്നാല്‍ എപ്പോഴും അഭിനയത്തില്‍ സംതൃപ്തി ലഭിച്ചിട്ടുള്ളത് മലയാളചിത്രങ്ങള്‍ ചെയ്തപ്പോഴാണ്. ഞാനൊരു മലയാളിയായതുകൊണ്ടാവും അങ്ങനെ തോന്നുന്നത്- ഒരു അഭിമുഖത്തില്‍ റഹ്മാന്‍ പറയുന്നു.

ഇപ്പോള്‍ ഇടക്ക് മലയാളചിത്രങ്ങള്‍ ചെയ്യുമ്പോള്‍ ആളുകള്‍ റഹ്മാന്റെ തിരിച്ചുവരവ് ചിത്രമെന്നാണ് അതിനെക്കുറിച്ച് പറയാറുള്ളത്. പക്ഷേ മലയാളത്തിലേത് ഒരിക്കലും എന്റെ തിരിച്ചുവരല്ല. ഞാന്‍ എന്നും ഇവിടെത്തന്നെയുണ്ട്. ചിത്രങ്ങളില്‍ എണ്ണക്കുറവുണ്ടായിട്ടുണ്ട് എന്ന് മാത്രം. അത് പലപ്പോഴും മറ്റ് ഭാഷാചിത്രങ്ങളുമായി തിരക്കിലായിപ്പോയതുകൊണ്ടുമാത്രമാണ്- റഹ്മാന്‍ വിശദീകരിക്കുന്നു.
ഇപ്പോഴത്തെ ന്യൂജനറേഷന്‍ താരങ്ങള്‍ ചെയ്യുന്നതുപോലുള്ള റോളുകള്‍ ചെയ്യാന്‍ പ്രായം തനിയ്‌ക്കൊരു പരിമിതിയാണെന്നും പ്രായത്തിനനുസരിച്ചുള്ള മികച്ച വേഷങ്ങള്‍ തേടിവരുമ്പോള്‍ താനത് സ്വീകരിക്കാറുണ്ടെന്നും താരം പറയുന്നു.


Click it and Unblock the Notifications