»   » തെന്നിന്ത്യന്‍ നായികയായി അറിയപ്പെടണം: ഭാമ

തെന്നിന്ത്യന്‍ നായികയായി അറിയപ്പെടണം: ഭാമ

Posted By:
Subscribe to Filmibeat Malayalam

സ്വന്തക്കാരിയായ ഒരു പെണ്‍കുട്ടിയെപ്പോലെയാണ് മലയാളികള്‍ ശാലീനത തുളുമ്പുന്ന ഭാമയെന്ന പുതുമുഖതാരത്തെ സ്വീകരിച്ചത്. ആദ്യ ചിത്രമായ നിവേദ്യം വേണ്ടത്ര വിജയിച്ചില്ലെങ്കിലും ഭാമയെ മലയാളികള്‍ അംഗീകരിച്ചു. തുടര്‍ന്ന് ഒട്ടേറെ മലയാളചിത്രങ്ങളും ചെയ്തു. മലയാളത്തില്‍ അഭിനയിച്ച് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പല നായിക നടിമാരെയും പോലെ ഭാമയും അന്യഭാഷയിലേയ്ക്ക് ചുവടുവെച്ചു.

പക്ഷേ ഇത് മലയാളികള്‍ക്ക് അത്ര പിടിച്ചില്ല, കന്നഡയില്‍ ഭാമ അഭിനയിച്ചു എന്നതിനേക്കാളേറെ അവിടെ ഐറ്റം ഡാന്‍സ് ചെയ്തു ഗ്ലാമര്‍ പ്രദര്‍ശനം നടത്തി തുടങ്ങിയ കാരണങ്ങലാണ് മലയാളിപ്രേക്ഷകരെ ചൊടിപ്പിച്ചത്. പ്രേക്ഷകര്‍ ഈ അനിഷ്ടം സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ ഭാമ ഇനി ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

പക്ഷേ എല്ലാം പ്രേക്ഷകര്‍ പറയുന്നതുപോലെ കേള്‍ക്കാന്‍ തനിയ്ക്ക് കഴിയില്ലെന്ന് താരം പറയുന്നു. ഐറ്റം ഡാന്‍സുകള്‍ ചെയ്യില്ലെങ്കിലും അന്യഭാഷകളെ വേണ്ടെന്ന് വെയ്ക്കാന്‍ കഴിയില്ലെന്നാണ് ഭാമ പറയുന്നത്. മലയാളത്തില്‍ മാത്രമായി ബന്ധനസ്ഥയായിരിക്കാന്‍ തനിക്ക് കഴിയില്ലെന്നും ഒരു അഭിമുഖത്തില്‍ ഭാമ വ്യക്തമാക്കി.

കന്നഡസിനിമാലോകം ഇപ്പോള്‍ എനിയ്ക്ക് മറ്റൊരു വീടുപോലെയാണ്, ഇതിനര്‍ത്ഥം മലയാളത്തിന് പ്രാധാന്യം നല്‍കില്ലെന്നല്ല. അവിടെ നല്ല അവസരങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. അവര്‍ എന്നെ അംഗീകരിക്കുകയും ചെയ്യുന്നു. ഇത് എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ടൊരു കാലമാണ്. ഈ സമയത്ത് നല്ല തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ പിന്നീട് നിരാശപ്പെടേണ്ടിവരും- ഭാമ വ്യക്തമാക്കി.

2013ല്‍ മലയാളത്തില്‍ ഞാന്‍ നാല് ചിത്രങ്ങള്‍ ചെയ്യുന്നുണ്ട്. ഇതില്‍ മൂന്നെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു. കന്നഡയില്‍ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധചെലുത്തുന്നുണ്ട്. മലയാളസിനിമാലോകം ഇന്ത്യയിലെതന്നെ മികച്ച മേഖലകളില്‍ ഒന്നാണ്. മനോഹരമായ ചിത്രങ്ങളാണ് നമ്മുടെ നാട്ടില്‍ ഇറങ്ങുന്നത്. എല്ലാ ഭാഷയിലെ താരങ്ങളും മലയാളത്തില്‍ അഭിനയിക്കണമന്ന് ആഗ്രഹിക്കുന്നു. പക്ഷേ എനിയ്ക്ക് മലയാളത്തില്‍ മാത്രമായി തങ്ങിനില്‍ക്കാനിഷ്ടമില്ല. തെന്നിന്ത്യന്‍ നായികയെന്ന രീതിയില്‍ അറിയപ്പെടാനാണ് എനിയ്ക്കാഗ്രഹം. ഇപ്പോള്‍ എനിയ്ക്ക് തിരഞ്ഞെടുക്കാന്‍ മാത്രം വേഷങ്ങള്‍ ലഭിയ്ക്കുന്നുണ്ട്. മലയാളത്തില്‍ പ്രാധാന്യമുള്ള റോളുകള്‍ മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളു- ഭാമ നയം വ്യക്തമാക്കുന്നു.

English summary
Actress Bhama said that she don't want to limit herself to Malayalam alone. It's her aim to be known as a South actress, .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam