ദിലീപിന്റെ സ്വന്തം ഷാനുവും ചാലുവും
അസിസ്റ്റന്റ് ഡയറക്ടറായാണ് ദിലീപ് മലയാള സിനിമയിലെത്തുന്നത്. പിന്നീട് സഹനടനായി, നടനായി ഇപ്പോള്‍ മലയാള സിനിമയിലെ ജനപ്രിയ നായകനുമായി 20 വര്‍ഷം പിന്നിട്ടു. ദിലീപ് വന്നകാലത്ത് പിച്ചവച്ചു നടക്കുകയായിരുന്ന താരപുത്രന്മാരെല്ലാം വളര്‍ന്നു വലുതായി മലയാള സിനിമയിലെ യങ്സ്റ്റാര്‍സായി തലയെടുത്തും കഴിഞ്ഞു.
ഇരുത്തം വന്ന നടനായി അങ്ങനെ നില്‍ക്കുമ്പോഴും ദിലീപിന് യുനടന്മാരൊക്കെയായി നല്ല അടുപ്പമാണ്. ഷാനുവിനെയും ചാലൂനെയും കുറിച്ചൊക്കെ പറയുമ്പോള്‍ നൂറ് നാവാ. ങേ അതാരാ ഷാനൂം ചാലൂം. ഷാനു ഫഹദ് ഫാസിലാണെന്ന് കുറേപേര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണ്. അതാരാ ഈ ചാലൂ.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ ദിലീപ് വിളിക്കുന്നത് ചാലൂന്നാണത്രെ. ദുല്‍ഖര്‍ സല്‍മാനെന്നൊന്നും തനിക്ക് നാവില്‍ വരില്ലെന്നാണ് ദിലീപ് പറയുന്നത്. നമ്മുടെ വീട്ടിലെ വല്ല്യേട്ടന്റെ മകനാണ് ചാലൂ. ചാലൂന്ന് വിളിച്ചേ ശീലമുള്ളൂ.
പിന്നെ ഷാനു, ഫാസില്‍ സാറിന്റെ മകനാണ് ഷാനു. ചെറുപ്പം മുതലേ കാണാറുള്ളതാണ്. ഞങ്ങള്‍ തമ്മില്‍ ഒരു സഹോദര സ്‌നേഹമാണ്. ഫഹദ് എന്നൊന്നുമില്ല. എനിക്ക് ഷാനുവാണ്. ഷാനുവായാലും ചാലുവായാലും അവര്‍ സിനിമാ നടനാകുന്നതിന് മുമ്പേ എനിക്കറിയാവുന്നതാണ്- ദിലീപ് പറഞ്ഞു.
അതു പോലെ തന്നെയാണ് ശ്രീനിയേട്ടന്റെ മകന്‍ വിനീത് ശ്രീനിവാസന്‍. ചെറുപ്പം തൊട്ടേ വിനീതിനെയും അറിയാം. വിനീത് ആദ്യമായി സംവിധാനം ചെയ്ത 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്' നിര്‍മിച്ചത് താനാണെന്ന് ദിലീപ് പറഞ്ഞു.


Click it and Unblock the Notifications