മോഹന്‍ലാല്‍ ഇതുവരെ ഓവര്‍ ആക്ടിംഗ് ചെയ്തതായി തോന്നിയിട്ടില്ല; പ്രിയദര്‍ശന്‍
മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പിറന്ന നല്ല ചിത്രങ്ങള്‍ ഒരുപിടിയാണ്. ആ സൗഹൃദത്തിന്റെ ബലമാണ് മിക്ക ചിത്രങ്ങളുടെയും വിജയം. മോഹന്‍ലാല്‍ എന്ന നടനെയും വ്യക്തിയെയും വളരെ അടുത്തറിയാവുന്ന ആള്‍ കൂടെയാണ് പ്രിയദര്‍ശന്‍.
ഇത്രയും സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടും ഇതുവരെ മോഹന്‍ലാല്‍ ഓവര്‍ ആക്ടിംഗ് ചെയ്യുന്നതായി തോന്നിയിട്ടില്ലെന്ന് അടുത്തിടെ നാനയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

ചിത്രം എന്ന സിനിമ കണ്ടതിന് ശേഷം സംവിധായകന്‍ ബാലചന്ദ്രന്‍ ഒരിക്കല്‍ പ്രിയദര്‍ശനോട് ചോദിച്ചത്രെ, മോഹന്‍ലാലും കമല്‍ ഹസനും അഭിനയിക്കുമ്പോഴുള്ള വ്യത്യാസം നിങ്ങള്‍ക്കറിയാമോ എന്ന്. ശ്രദ്ധിച്ചില്ലെന്നായിരുന്നു പ്രിയന്റെ മറുപടി.
അപ്പോള്‍ ബാലചന്ദ്രന്‍ പറഞ്ഞു; 'കമല്‍ അഭിനയിക്കുമ്പോള്‍ അയാള്‍ ക്യാമറയ്ക്കു മുന്നില്‍ നിന്നാണ് അഭിനയിക്കുന്നതെന്ന ബോധ്യം അദ്ദേഹത്തിന്റെ മുഖത്തുതന്നെ ഉണ്ടാകും. എന്നാല്‍ ലാലിന്റെ കാര്യത്തില്‍ ക്യാമറ എവിടെയോ ഒളിപ്പിച്ചുവച്ച് ഷൂട്ട് ചെയ്യുന്നതുമാതിരിയാണ് തോന്നുക'
ലാല്‍ അഭിനയിക്കുമ്പോള്‍ അഭിനയിക്കുന്നതായി തോന്നാത്തതാണ് അഭിനയത്തിന്റെ വലിയ ശക്തിയെന്ന് പ്രിയനും പറയുന്നു. ലാല്‍ ഇതേവരെ ഓവര്‍ ആക്ടിംഗ് ചെയ്തതായി തോന്നിയിട്ടില്ല. ഒരല്‍പ്പം നാടകീയമാകേണ്ട ഇടങ്ങളില്‍പോലും അദ്ദേഹത്തില്‍ നിന്നും സൂക്ഷ്മമായ ഭാവപ്രകടനങ്ങളേ ഉണ്ടായിട്ടുള്ളൂ.
ഇക്കാര്യത്തില്‍ ലാലിന്റെ നിരീക്ഷണം മറ്റൊന്നാണ്. എനിക്ക് എതിരെ നില്‍ക്കുന്ന ഒരു നടന്റെ പ്രകടനമാണ് എന്നെ മികച്ച നടനാക്കുന്നത്. അയാള്‍ മോശമായാല്‍ ഞാനും മോശമാകും എന്നാണത്രെ ഇക്കാര്യത്തില്‍ ലാലിന്റെ പക്ഷം


Click it and Unblock the Notifications











