നിവിന് സംവിധായകനാകാന്‍ മോഹം
മലയാളത്തിലെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന താരമായി നിവിന്‍ പോളി മാറിയത് വളരെ ചുരുങ്ങിയ സമയം കൊണ്ടാണ്. വലിയ ശംബളമുള്ള ഐടി ജോലി വിട്ട് സിനിമയിലേയ്‌ക്കെത്തിയ നിവിന്‍ പോളി സംവിധായകന്‍ വിനീത് ശ്രീനിവാസന്റെ കണ്ടെത്തലായിരുന്നു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ നിവിന്‍ പോളിയ്ക്ക് പിന്നീട് വലിയ ബ്രേക്കായത് വിനീത് തന്നെ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രമായിരുന്നു. പിന്നീടങ്ങോട്ട് നിവിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ ഒടുവില്‍ റിലീസ് ചെയ്ത ബാംഗഌര്‍ ഡെയ്‌സ് വരെ അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും നിവിന്‍ കഴിവുതെളിയിച്ചിട്ടുണ്ട്.

വില്ലനായും നായകനായുമെല്ലാം അഭിനയിക്കുന്ന നിവിന് കരിയറില്‍ പലതരം സ്വപ്‌നങ്ങളുണ്ട്. അടുത്തിടെ തനിയ്ക്ക് വളരെ ക്രൂനായ വില്ലനാകാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി നിവിന്‍ ഇപ്പോള്‍ പറയുന്നത് തനിയ്ക്ക് സംവിധാനകലയിലും താല്‍പര്യമുണ്ടെന്നാണ്.
എന്നെങ്കിലും ഒരിക്കല്‍ ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് എനിയ്ക്കാഗ്രഹമുണ്ട്. പക്ഷേ അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എനിയ്ക്കറിയാം. സിനിമയുടെ എല്ലാ വശങ്ങളും അറിയുന്നൊരാള്‍ക്കേ നല്ല സംവിധായകനാകാന്‍ കഴിയൂ-നിവിന്‍ പറയുന്നു. സംവിധാനം ഇഷ്ടമാണെന്ന് വച്ച് അടുത്തൊന്നും തനിയ്ക്കത് പരീക്ഷിയ്ക്കാന്‍ പദ്ധതിയില്ലെന്നും നിവിന്‍ വ്യക്തമാക്കുന്നു. പ്രേമം, മിലി എന്നിവയാണ് നിവിന്റേതായി പുറത്തുവരാനിരിക്കുന്ന പുതിയ ചിത്രങ്ങള്‍.


Click it and Unblock the Notifications