സിദ്ദിഖിന്റെ മദ്ധ്യസ്ഥതയില്‍ അമ്മ ഇടപ്പെട്ടു, ഷെയിന്‍ നിഗം വിഷയം ഒത്തുതീര്‍പ്പിലേക്ക്!
ഷെയിന്‍ നിഗത്തിന്റെ പേരിലുണ്ടായ സിനിമാ തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് സൂചന. ഷെയിന്‍ പറയുന്ന ചില കാര്യങ്ങളില്‍ വസ്തുതകളുണ്ടെന്ന് ചൂണ്ടി കാണിച്ച് താരസംഘടനയായ അമ്മ. കഴിഞ്ഞ ദിവസം ഷെയിനുമായി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂടികാഴ്ച നടത്തിയിരുന്നു. നടന്‍ സിദ്ദിഖിന്റെ വീട്ടില്‍ നിന്നുമായിരുന്നു ചര്‍ച്ച.
വിഷയത്തില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ ഷെയിന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. മുടങ്ങി കിടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ ഷെയിന്‍ നിഗം തയ്യാറാണെന്ന് താരം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. അതേ സമയം ഷെയിന്‍ പറഞ്ഞ ചില കാര്യങ്ങൾ വ്യക്തത വരുത്തുന്നതിന് ഫെഫ്ക നേതൃത്വവുമായി അമ്മ ഭാരവാഹികള്‍ രണ്ട് ദിവസത്തിനകം ചര്‍ച്ച നടത്തും.

പ്രശ്‌നം തുടങ്ങി വെച്ച വെയില്‍ സിനിമയ്ക്ക് എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്ന കാര്യത്തിലാണ് പ്രധാനമായും അവ്യക്തതയുള്ളത്. നേരത്തെ നടന്ന ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ 15 ദിവസമായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് സംവിധായകന്‍ പറയുന്നിടത്ത് നിന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്ര ശ്രമിച്ചാലും സാധിക്കില്ലെന്നുമാണ് ഷെയിന്‍ പറയുന്നത്.
ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി സംസാരിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയെ അറിയിക്കും. ഇതില്‍ വ്യക്തത വന്നതിന് ശേഷമായിരിക്കും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക. അതേ സമയം സംവിധായകനും ഷെയിനും തമ്മില്‍ ഒന്നിച്ചിരുന്നുള്ള ചര്‍ച്ച ഇനി ആവശ്യം വരില്ലെന്നാണ് അറിയുന്നത്. തീരുമാനം അംഗീകരിക്കാന്‍ പൂര്‍ണ സമ്മതമാണെന്ന് ഷെയിന്‍ അറിയിച്ചിരിക്കുകയാണ്.


Click it and Unblock the Notifications