വിപി സത്യനു പിന്നാലെ ഐഎം വിജയന്റെ ജീവിതവും സിനിമയാവുന്നു! ചിത്രമൊരുക്കുന്നത് അരുണ്‍ ഗോപി
ജീവചരിത്ര സിനിമകള്‍ക്ക് എല്ലായ്‌പ്പോഴും മികച്ച സ്വീകാര്യത ലഭിച്ച ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ. മമ്മൂട്ടിയുടെ പഴശ്ശിരാജ,പൃഥിരാജിന്റെ സെല്ലുലോയിഡ്, ജയസൂര്യയുടെ ക്യാപ്റ്റന്‍ തുടങ്ങിയവയെല്ലാം ഇതിന് ഉദാഹരങ്ങളാണ്. യഥാര്‍ത്ഥ ജീവിത കഥയോട് വളരെയധികം നീതി കാട്ടിയായിരുന്നു ഈ ചിത്രങ്ങളെല്ലാം തന്നെ പുറത്തിറങ്ങിയിരുന്നത്.
ജയസൂര്യയുടെ ക്യാപ്റ്റന്‍ എന്ന സിനിമയായിരുന്നു ഈ വിഭാഗത്തില്‍ എറ്റവുമൊടുവിലായി പുറത്തിറങ്ങിയിരുന്നത്. ഫുട് ബോള്‍ താരം വിപി സത്യന്റെ ജീവിത കഥ പറഞ്ഞ ചിത്രം മലയാളത്തിലെ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക്കുകളിലൊന്നായിരുന്നു. ക്യാപ്റ്റന് മികച്ച സ്വീകാര്യതയായിരുന്നു കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. വിപി സത്യനു പുറമെ ഫുട്‌ബോള്‍ താരം ഐഎം വിജയന്റെ ജീവിതവും സിനിമയാവുകയാണ്...

ക്യാപ്റ്റന്
ജയസൂര്യയെ നായകനാക്കി നവാഗതനായ പ്രജേഷ് സെന്‍ ഒരുക്കിയ ചിത്രമായിരുന്നു ക്യാപ്റ്റന്‍. ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ വിപി സത്യന്റെ യഥാര്‍ത്ഥ ജീവിതകഥയായിരുന്നു ചിത്രം പറഞ്ഞിരുന്നത്. ക്യാപ്റ്റനില്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ച അസാധ്യ പ്രകടനമായിരുന്നു ജയസൂര്യ നടത്തിയിരുന്നത്. അനുസിത്താരയായിരുന്നു ക്യാപ്റ്റനില്‍ ജയസൂര്യയുടെ നായികയായി എത്തിയിരുന്നത്. സംഭവബഹുലമായ വിപി സത്യന്റെ ജീവിത കഥ ഏറെ നാളത്തെ പരിശ്രമങ്ങള്‍ക്കൊടുവിലായിരുന്നു സംവിധായകന്‍ വെള്ളിത്തിരിയില്‍ എത്തിച്ചിരുന്നത്.

ആദ്യ സ്‌പോര്‍ട്‌സ് ബയോപിക്ക്
മലയാളത്തിലിറങ്ങിയ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക്കുകളിലൊന്നായിരുന്നു ക്യാപ്റ്റന്‍. നിരവധി ജീവ ചരിത്ര സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഈയൊരു വിഭാഗത്തില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ചിത്രം. അതിഭാവുകത്വമില്ലാതെ ചിത്രത്തില്‍ ജയസൂര്യ ജീവിച്ചുവെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നത്. യഥാര്‍ത്ഥ ജീവിതകഥയുടെ പ്രാധാന്യം നഷ്ടപ്പെടാതെ മികവുറ്റ രീതിയിലായിരുന്നു സംവിധായകനായ പ്രജേഷ് സെന്‍ ഈ ചിത്രമൊരുക്കിയിരുന്നത്.

ഐഎം വിജയന്റെ ബയോപിക്ക്
വിപി സത്യനു പിന്നാലെ ഐഎം വിജയന്റെ ജീവിതവും സിനിമയാവുകയാണ്. ഇന്ത്യന്‍ ഫുട്‌ബോളിന് മികച്ച സംഭാവനകള്‍ നല്‍കിയ വിജയന്റെ ജീവിതം സിനിമയാവുമ്പോള്‍ അതിന് മികച്ച സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇന്ത്യന്‍ ഫുട്‌ബോള്‍ രംഗത്തെ അഭിമാനമായ താരത്തിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. നേരത്തെ വിജയന്റെ ജീവിതം ആസ്പദമാക്കി കാലാഹിരണ്‍ എന്നൊരു ഹ്രസ്വ ചിത്രം പുറത്തിറങ്ങിയിരുന്നു. ഫുട്‌ബോളിനു പുറമെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുളള അദ്ദേഹം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ മലയാളത്തില്‍ അവതരിപ്പിച്ചിരുന്നു.

സംവിധാനം അരുണ്‍ ഗോപി
രാമലീല എന്ന ദിലീപ് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അരുണ്‍ ഗോപി. തന്റെ ആദ്യ ചിത്രം തന്നെ മെഗാഹിറ്റാക്കിയായിരുന്നു അരുണ്‍ ഗോപി മലയാള സിനിമയിലേക്കുളള വരവറിയിച്ചിരുന്നത്. ഐഎം വിജയന്റെ ജീവിതം അരുണ്‍ ഗോപിയാണ് വെള്ളിത്തിരയിലെത്തിക്കുന്നത്. വിപി സത്യന്റെ ബയോപിക്ക് ചിത്രമായ ക്യാപ്റ്റന് ലഭിച്ച സ്വീകാര്യതയാണ് ഐഎം വിജയന്റെ ജീവിതം സിനിമയാക്കാന്‍ സംവിധായകന് പ്രചോദനമായത്.

ഐഎം വിജയനായി സൂപ്പര്‍താരം
മലയാളത്തിലെ ശ്രദ്ധേയനായ ഒരു യുവതാരമായിരിക്കും ഐഎം വിജയന്റെ ജീവിതകഥയില്‍ നായകനാവുക എന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍സ് വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ടെത്തിയതാണെന്നും പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ മുന്‍പെ തുടങ്ങിയിരുന്നെന്നും മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഗോപി പറഞ്ഞത്. സംവിധാനത്തിനു പുറമെ ചിത്രത്തിന്റെ തിരക്കഥയും അരുണ്‍ ഗോപി തന്നെയാണ് ഒരുക്കുന്നത്.

ചിത്രീകരണം ഉടന്‍
നിലവില്‍ പ്രണവ് മോഹന്‍ലാലിനെ വെച്ചുളള ചിത്രത്തിന്റെ തിരക്കുകളിലാണ് അരുണ്‍ ഗോപിയുളളത്. പ്രണവിന്റെ സിനിമയ്ക്ക് ശേഷമായിരിക്കും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയെന്നാണ് സംവിധായകന്‍ അറിയിച്ചിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമ മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരിക്കും നിര്‍മ്മിക്കുക. സിനിമ അടുത്ത വര്‍ഷമായിരിക്കും തിയ്യേറ്ററുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.


Click it and Unblock the Notifications











