»   » ഇന്ദ്രനും പൃഥ്വിയും കാക്കി സഹോദരന്മാര്‍

ഇന്ദ്രനും പൃഥ്വിയും കാക്കി സഹോദരന്മാര്‍

Posted By:
Subscribe to Filmibeat Malayalam

താരസഹോദരന്മാരായ ഇന്ദ്രജിത്തും പൃഥ്വിരാജും വീണ്ടും കാക്കിവേഷങ്ങളില്‍ എത്തുന്നു. കരിയറിലുടനീളം ഒട്ടേറെ പൊലീസ് വേഷങ്ങള്‍ ചെയ്ത ഇരുവരുടെയും പുതിയ പൊലീസ് വേഷങ്ങള്‍ ഒരേസമയം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പൊലീസിലും ഹിന്ദിച്ചിത്രമായ ഔറംഗസേബിലും പൃഥ്വിരാജ് പൊലീസായി എത്തുമ്പോള്‍ മുരളി അരുണ്‍കുമാര്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലാണ് ഇന്ദ്രജിത്ത് കാക്കിയണിയുന്നത്.

മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചിയെന്ന കഥാപാത്രത്തിലൂടെ തനിയ്ക്ക് പൊലീസ് റോള്‍ നന്നായി ചേരുമെന്ന് ഇന്ദ്രജിത്ത് തെളിയിച്ചു. പിന്നീട് അച്ഛന്‍ ഉറങ്ങാത്ത വീട്, ചേകവര്‍, ഫിംഗര്‍ പ്രിന്റ്, റണ്‍വേ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഇന്ദ്രന്‍ പൊലീസായി എത്തി. പൃഥ്വിരാജാണെങ്കില്‍ ഇതിലും കൂടുതല്‍ പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Prithviraj and Indrajith

ഇപ്പോള്‍ ഒരേ സമയം രണ്ട് ഭാഷകളിലായി പൃഥ്വിയുടെ പൊലീസ് കഥാപാത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുകയാണ്. നാലു ഭാഷകളിലും പൊലീസ് വേഷം ചെയ്തുവെന്ന റെക്കോര്‍ഡിന് ഉടമയാവുകയാണ് പൃഥ്വിരാജ്. മലയാളത്തില്‍ സത്യം എന്ന ചിത്രത്തിലാണ് പൃഥ്വി ആദ്യമായി കാക്കിയണിഞ്ഞത്. തമിഴിലില്‍ മണിരത്‌നത്തിന്റെ രാവണിലും കന്നഡയില്‍ പൊലീസ് പൊലീസ് എന്ന ചിത്ത്രതിലും ഇപ്പോള്‍ ഹിന്ദിയില്‍ ഔറംഗസേബിലും പൃഥ്വി പൊലീസാവുകയാണ്. കാക്കി, വര്‍ഗം, ത്രില്ലര്‍, മനുഷ്യമൃഗം, മാസ്റ്റേഴ്‌സ് തുടങ്ങി ഒട്ടേറെ മലയാള ചിത്രങ്ങളില്‍ പൃഥ്വിരാജ് പൊലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

വികെ പ്രകാശിന്റെ പൊലീസ് എന്ന ചിത്രത്തില്‍ ചേട്ടനും അനിയനും ഒരുമിച്ച് കാക്കിയിടുകയും ചെയ്തിട്ടുണ്ട്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന മുംബൈ പൊലീസില്‍ എറണാകുളം അസിറ്റന്റ് പൊലീസ് കമ്മിഷണര്‍ ആന്റണി മോസസിന്റെ വേഷത്തിലാണ് പൃഥ്വിയെത്തുന്നത്. അതുല്‍ സബര്‍വാള്‍ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ഔറംഗസേബിലാകട്ടെ ആര്യയെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിമാണ് പൃഥ്വിയ്ക്ക്.

മുരളി ഗോപി തിരക്കഥയെഴുതിയ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ പികെ ജയന്‍ എന്ന അഴിമതിക്കാരന്‍ എസ്‌ഐയുടെ വേഷമാണ് ഇന്ദ്രജിത്തിന്. വളരെ റിയലിസ്റ്റിക്കായ കഥാപാത്രമെന്നാണ് ഇന്ദ്രന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഈ ചിത്രത്തില്‍ തനിയ്‌ക്കേറെ പ്രതീക്ഷയുണ്ടെന്നും ഇന്ദ്രജിത്ത് പറയുന്നു. ഔറംഗസേബും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ഒരു ദിവസമാണ് തിയേറ്ററുകളിലെത്തുന്നത്.

English summary
Police Characters of star brothers Indrajith and Prithviraj to come face to face by this week. Prithvi's Aurangazeb and Indrajith's Left Right Left to be released on same day.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam