മസാല റിപ്പബ്ലികുമായി ഇന്ദ്രജിത്ത്
നിരവധി ചിത്രങ്ങളില്‍ നായകനായെങ്കിലും ചിത്രം വിജയിപ്പിക്കാന്‍ കഴിവുള്ള നായകന്‍ എന്ന നിലയില്‍ ഇന്ദ്രജിത്തിനെ ആരും പരിഗണിക്കുന്നില്ല. അതുകൊണ്ടുതന്നെ രണ്ടുനായകരില്‍ ഒരാളായിട്ടാണ് പലരും ഇന്ദ്രജിത്തിനെ ഇപ്പോള്‍ സിനിമയിലേക്കു ക്ഷണിക്കുന്നത്. എന്നാല്‍ നായകനായി അഭിനയിച്ച ചിത്രം വിജയിപ്പിക്കാന്‍ തന്നെയുള്ള ഒരുക്കത്തിലാണ് ഇന്ദ്രന്‍.
ജിഎസ് വിശാഖ് സംവിധാനം ചെയ്യുന്ന മസാല റിപ്പബ്ലിക് എന്ന ചിത്രത്തിന്റെ പ്രചാരണമെല്ലാം ഡിസൈന്‍ ചെയ്യുന്നത് നായകന്‍ തന്നെ. ഇന്‍വസ്റ്റിഗേറ്റീവ് സബ്ജക്ട് തമാശയായി അവതരിപ്പിക്കുകയാണ് മസാല റിപ്പബ്ലിക്. എസ്‌ഐ ശംഭു എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. എസ്‌ഐ അയാളുടെ ഇനീഷ്യലാണ്. ആള്‍ സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

ആന്റി ഗുണ്ടാ സ്‌ക്വാഡിലെ സിഐ ആണ് ശംഭു. ഉത്തരേന്ത്യയില്‍ കനത്ത സ്വാധീനമുള്ള ഒരു മാഫിയാ സംഘത്തെ ഒതുക്കാന്‍ എത്തിയിരിക്കുകയാണ് ശംഭു. പൊലീസ് വേഷത്തിലല്ല ശംഭുവിനെ കാണുക. പട്ടാളക്കാരുടെ പച്ചവേഷമണിഞ്ഞാണ് ശംഭു വരിക. ശംഭുവിന്റെ ജീവിതത്തിലേക്ക് ബംഗാളി ബാബു എന്ന ബാബുക്കയും ടിവി ചാനല്‍ റിപ്പോര്‍ട്ടര്‍ ശ്രേയയും കടന്നുവരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷമാണ് മസാല റിപ്പബ്ലിക് അവതരിപ്പിക്കുന്നത്.
വിനായകന്‍ ആണ് ബാബുക്കയെ അവതരിപ്പിക്കുന്നത്. അപര്‍ണാനായരാണ് ചാനല്‍ റിപ്പോര്‍ട്ടര്‍. ഇവരെ കൂടാതെ വിജയകുമാര്‍, ക്യാപ്ടന്‍ രാജു, വിനയ് ഫോര്‍ട്ട്, കനി എന്നിവരും അഭിനയിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഇന്ദ്രജിത്ത് അഭിനയിച്ച ആമേന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീചിത്രങ്ങള്‍ വന്‍ വിജയമായിരുന്നു. നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച അരികില്‍ ഒരാള്‍ നല്ല ചിത്രമായിട്ടും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രചാരണത്തിലുണ്ടായ പാളിച്ചയാണ് ചിത്രം പരാജയപ്പെടാന്‍ കാരണം. നല്ല ചിത്രംജനങ്ങളിലേക്ക് എത്തണമെങ്കില്‍ നല്ല പ്രചാരണം കൊടുക്കണം. അതുകൊണ്ടാണ് ഇനി താന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ പബ്ലിസിറ്റിയിലും ഇന്ദ്രജിത്ത് ഇടപെടുന്നത്. വയലാര്‍ മാധവന്‍കുട്ടി, രാജീവ്‌നാഥ് എന്നിവരുടെ ചിത്രങ്ങളിലും ഇന്ദ്രന്‍ തന്നെയാണു നായകന്‍. ആ ചിത്രങ്ങളുടെയും പ്രചാരണത്തില്‍ ഇന്ദ്രന്റ കൈ ഉണ്ടാകും.


Click it and Unblock the Notifications











