വടംവലിക്കാരനായി ഇന്ദ്രജിത്ത് സുകുമാരന്‍! പിറന്നാള്‍ ദിനം 'ആഹാ' ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ലൂസിഫറിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമായ താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആഹാ. ഇന്ദ്രജിത്തിന്റെ പിറന്നാള്‍ ദിനം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. പൃഥ്വിരാജാണ് ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടത്. നവാഗതനായ ബിബിന്‍ പോളാണ് സിനിമ സംവിധാനം ചെയ്യുന്നത്. കേരളത്തിലെ ജനകീയ കായിക വിനോദമായ വടംവലി പ്രമേയമാക്കികൊണ്ടാണ് ചിത്രം ഒരുക്കുന്നത്.

2008ലെ വടംവലി സീസണില്‍ എഴുപത്തി മൂന്ന് മത്സരങ്ങളില്‍ എഴുപതി രണ്ടിലും ചാമ്പ്യന്‍മാരായ ആഹാ നീലൂര്‍ എന്ന വടംവലി ടീമിന്റെ വിജയകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കുന്നത്. അമിത് ചക്കാലക്കല്‍, മനോജ് കെ ജയന്‍, അശ്വിന്‍ കുമാര്‍ തുടങ്ങിയവരാണ് ഇന്ദ്രജിത്തിനൊപ്പം മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
ശാന്തി ബാലചന്ദ്രനാണ് സിനിമയിലെ നായിക. ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഗായിക സയനോര ഫിലിപ്പാണ് സംഗീതമൊരുക്കുന്നത്. ടോബിട് ചിറയത്ത് തിരക്കഥ എഴുതിയ ചിത്രത്തിന് രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാസാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം അബ്രഹാമാണ് നിര്‍മ്മാണം. അടുത്ത വര്‍ഷം വേനലവധിക്കാണ് ആഹാ തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications