വടംവലിയുമായി ഇന്ദ്രജിത്തും മനോജ് കെ ജയനും! ആഹാ ടീസര്‍ പുറത്ത്
ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും സജീവമാകുന്ന താരമാണ് ഇന്ദ്രജിത്ത് സുകുമാരന്‍. നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ആഹാ. ചിത്രത്തിന്റെ പുതിയ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. നടന്‍ മോഹന്‍ലാലാണ് ഇന്ദ്രജിത്ത് ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. വടംവലി പ്രമേയമാക്കി ഒരുക്കിയ സിനിമയില്‍ മനോജ് കെ ജയനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

നവാഗതനായ ബിബിന്‍ പോള്‍ സാമുവലാണ് സിനിമ സംവിധാനം ചെയ്യുന്നത്. പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലാണ് സിനിമയുടെ ഷൂട്ടിംഗ് നടന്നത്. കേരളത്തിന്റെ തനതു കായിക വിനോദമായ വടംവലിയുടെ പശ്ചാത്തലത്തില്‍ പ്രണയവും വൈകാരികതയും ഇഴപിന്നിയ പ്രമേയമാണ് ചിത്രത്തിന്റേത്. ശാന്തി ബാലചന്ദ്രനാണ് നായിക. അമിത് ചക്കാലക്കല്‍, അശ്വിന്‍ കുമാര്‍, മേഘ തോമസ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍.
ടോബിത് ചിറയത്തിന്റെ തിരക്കഥയിലാണ് സംവിധായകന്‍ സിനിമ ഒരുക്കുന്നത്. രാഹുല്‍ ബാലചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ഗായിക സയനോര ഫിലിപ്പാണ് സംഗീതമൊരുക്കുന്നത്. അന്‍വര്‍ അലിയും ജുബിത് നംറാടത്തും പാട്ടിന് വരികള്‍ എഴുതിയിരിക്കുന്നു. പശ്ചാത്തല സംഗീതം ഷിയാദ് കബീര്‍. എപ്രിലിലാണ് ഇന്ദ്രജിത്തിന്റെ ആഹാ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications