മികച്ച സംരംഭകയ്ക്കുളള പുരസ്‌കാരം ഏറ്റുവാങ്ങി പൂര്‍ണിമ! സന്തോഷം പങ്കുവെച്ച് ഇന്ദ്രജിത്ത് സുകുമാരന്‍
നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ബിസിനസ് രംഗത്തും തിളങ്ങിയ പൂര്‍ണിമയെ തേടി അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം എത്തിയത്. മികച്ച വനിതാ സംരംഭകയ്ക്കുളള പുരസ്‌കാരം ഭാര്യയ്ക്ക് ലഭിച്ചതിലുളള സന്തോഷം ഇന്ദ്രജിത്താണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നത്. അന്ന് പൂര്‍ണിമയെക്കുറിച്ച് ഇന്ദ്രന്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

ഇപ്പോഴിതാ പൂര്‍ണിമ പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ ഒരു ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പൂര്‍ണിമ പുരസ്‌കാരം സ്വീകരിക്കുന്നതാണ് ചിത്രത്തിലുളളത്. ഇവര്‍ക്ക് സമീപം ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെയും കാണാം. ഇത്തവണ പൂര്‍ണിമ ഇന്ദ്രജിത്ത് അടക്കം മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്.
മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാവുന്ന വിധത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഇവര്‍ക്ക് പുരസ്‌കാരം സമ്മാനിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാട പരിപാടിയിലാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.
ഒരിടവേളയ്ക്ക് ശേഷം അടുത്തിടെയാണ് പൂര്‍ണിമ ഇന്ദ്രജിത്ത് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയിലൂടെ ആയിരുന്നു തിരിച്ചുവരവ്. വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്ത തുറമുഖത്തിലും പൂര്‍ണിമ അഭിനയിച്ചിരുന്നു. ഇടയ്ക്ക് ടെലിവിഷന്‍ ഷോകളില്‍ അവതാരകയായും പൂര്‍ണിമ എത്താറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രാണ എന്ന പേരിലുളള ബിസിനസ് സംരംഭം പൂര്‍ണിമ ആരംഭിച്ചത്.


Click it and Unblock the Notifications