വെയില്‍ മരങ്ങള്‍ റിലീസിനൊരുങ്ങുന്നു! കോഴിക്കോടും കൊച്ചിയുമടക്കം തിയറ്ററുകളില്ലെന്ന് സംവിധായകന്‍
ഡോക്ടര്‍ ബിജുവിന്റെ സംവിധാനത്തില്‍ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വെയില്‍ മരങ്ങള്‍. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കേരളത്തില്‍ നിന്ന് ഹിമാചലിലേക്ക് പലായനം ചെയ്യപ്പെട്ട ദളിത് കുടുംബത്തിന്റെ കഥയാണ് പറയുന്നത്. സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ എന്നിവരാണ് പ്രധാന താരങ്ങള്‍.
ഷാങ്‌ഹോയ് ഫെസ്റ്റിവല്‍ അടക്കം പ്രശസ്തമായ പല ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനൊപ്പം നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ വെയില്‍ മരങ്ങള്‍ തിയറ്ററുകളിലേക്ക് റിലീസിനൊരുങ്ങുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒപ്പം ചിത്രത്തിന്റെ പ്രദര്‍ശനത്തെ കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സുഹൃത്തുക്കളെ, വെയില്‍മരങ്ങള്‍ സിനിമ ഫെബ്രുവരി 28 നാണ് തിയറ്റര്‍ റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. കേരളത്തിന് പുറത്തുള്ള റിലീസ് ഏറ്റെടുത്തിരിക്കുന്നത് മുംബൈയിലെ പ്ലാറ്റൂണ്‍ വണ്‍ ഫിലിംസ് എന്ന കമ്പനി ആണ്. മുംബൈ, പൂനെ, ഡല്‍ഹി, നോയിഡ, ബാംഗ്ലൂര്‍, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, കോട്ട തുടങ്ങിയ നഗരങ്ങളില്‍ പ്ലാറ്റൂണ്‍ വണ്‍ ഫിലിംസ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നു. കേരളത്തില്‍ ചിത്രത്തിന് വിതരണക്കാര്‍ ഇല്ലാത്തതിനാല്‍ സിനിമ ഞങ്ങള്‍ തന്നെ റിലീസ് ചെയ്യുക ആണ്.

സര്‍ക്കാര്‍ കെ എസ് എഫ് ഡി സി തിയറ്ററുകള്‍ക്കൊപ്പം കാര്‍ണിവല്‍ ഗ്രൂപ്പ് തിയറ്ററുകള്‍ റിലീസിന് നല്‍കാം എന്ന് സമ്മതിച്ചിട്ടുണ്ട്. ഈ രണ്ടു വിഭാഗം തിയറ്ററുകളും ഇല്ലാത്ത ചില സ്ഥലങ്ങളില്‍ കൂടി ചിത്രം റിലീസ് ചെയ്യാന്‍ ആഗ്രഹം ഉണ്ട്. ഇതിനായി ഫിലിം സൊസൈറ്റികളുടെ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്ഥലത്തു നിങ്ങള്‍ക്ക് പരിചയമുള്ള തിയറ്ററുകളുമായി ഒന്ന് സംസാരിക്കുക. ഫെബ്രുവരി 28 ന് വെയില്‍മരങ്ങള്‍ റിലീസ് ചെയ്യുവാന്‍ തിയറ്റര്‍ ലഭിക്കുമോ എന്ന് അന്വേഷിക്കുക.

തിയറ്ററുകള്‍ തയ്യാറാണെങ്കില്‍ ദയവായി അറിയിക്കുക. നമുക്ക് ചിത്രം അവിടെയും റിലീസ് ചെയ്യാം. പ്രധാനമായും താഴെ പറയുന്ന സ്ഥലങ്ങളില്‍ ആണ് തിയറ്ററുകള്‍ ഇനി ലഭ്യമാകാനുള്ളത്. കോഴിക്കോട്, പാലക്കാട്, കോട്ടയം, പത്തനംതിട്ട, കൊച്ചി. സിനിമയുടെ റിലീസ് ഡേറ്റ് അറിഞ്ഞ ഉടന്‍ തന്നെ കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയിലെ ശ്രീ കുര്യാക്കോസ് വിളിക്കുകയും കോതമംഗലത്തെ ഒരു തിയറ്ററുമായി ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ സംസാരിച്ച ശേഷം ആ തിയറ്ററുമായി ബന്ധപ്പെട്ടപ്പോള്‍ അവിടെ റിലീസ് ചെയ്യാന്‍ തിയറ്റര്‍ അധികൃതര്‍ സമ്മതിച്ചതും സന്തോഷത്തോടെ അറിയിക്കട്ടെ.

എല്ലാ ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളോടും, ഗൗരവ പൂര്‍ണ്ണമായി സിനിമയെ വീക്ഷിക്കുന്ന പ്രേക്ഷക സുഹൃത്തുക്കളോടും, കോളജുകളിലെ ഫിലിം ക്ലബ്ബ്കളോടും, സാംസ്‌കാരിക സംഘടനകളോടും, പുരോഗമന പ്രസ്ഥാനങ്ങളോടും ഒക്കെയായി മറ്റൊരു അഭ്യര്‍ത്ഥന കൂടി ഉണ്ട്. സിനിമയ്ക്ക് വലിയ പരസ്യ പ്രചാരണങ്ങള്‍ ഒന്നുമില്ല. സിനിമ റിലീസ് ചെയ്യുന്ന വിവരം സാധ്യമായ ഇടങ്ങളില്‍ ഒക്കെ അറിയിക്കുക. സിനിമ കാണാന്‍ താല്പര്യമുള്ള സുഹൃത്തുക്കള്‍ ആദ്യ ദിനം തന്നെ സിനിമ കാണാന്‍ പരമാവധി ശ്രദ്ധിക്കുക. ആദ്യ ദിനം കാണികള്‍ കുറവാണെങ്കില്‍ തിയറ്ററുകള്‍ക്ക് സിനിമ ഹോള്‍ഡ് ഓവര്‍ ആയി മാറ്റുവാന്‍ സാധിക്കും. അതിനിട നല്‍കാതെ ആദ്യ ദിവസം തന്നെ പരമാവധി ആളുകള്‍ സിനിമ കാണാന്‍ ശ്രമിക്കുമല്ലോ.


Click it and Unblock the Notifications