ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ. കാസർകോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. 29 വയസായിരുന്നു. വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചിന്നു പാപ്പുവിന്റെ ആത്മഹത്യക്ക് ശേഷം സന്ദേശ് മാനസികമായി തകർന്ന നിലയിലായിരുന്നെന്നാണ് പുറത്ത് വരുന്ന വിവരം. ചിന്നുവിന്റെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. സന്ദേശും ചിന്നു പാപ്പുവും ഒരുമിച്ചാണ് താമസിച്ചിരുന്നത്. മരണത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
ആദൂർ ആലംകടുക്ക സ്വദേശിയാണ് ചിന്നു പാപ്പു എന്ന പേരിലറിയപ്പെടുന്ന കെ രേഷ്മ. വിവാഹമോചിതയായിരുന്നു ചിന്നു പാപ്പു. അഞ്ച് വർഷം മുമ്പ് വിവാഹം ചെയ്ത ചിന്നു പാപ്പു ഏറെക്കാലമായി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. നാല് വയസുള്ള മകനുണ്ട്. ചിന്നുവും സന്ദേശും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് ചിന്നു പാപ്പുവിന്റെ കുടുംബം ആരോപിച്ചിരുന്നത്. കാസർകോടിന്റെ തനത് ഭാഷാ ശെെലിയിൽ സംസാരിച്ച് ശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്ററായിരുന്നു ചിന്നു പാപ്പു.

ചിന്നു പാപ്പു ആത്മഹത്യ ചെയ്ത ശേഷം ചില വിവരങ്ങൾ പുറത്ത് വന്നിരുന്നു. ചിന്നു പാപ്പുവുമായുള്ള ബന്ധത്തിൽ സന്ദേശിന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടായിരുന്നെന്നും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചില പ്രശ്നങ്ങൾ ഉണ്ടായെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 24 വയസുകാരിയായിരുന്നു ചിന്നു പാപ്പു. 19 വയസിലായിരുന്നു വിവാഹം. ആദ്യ വിവാഹബന്ധം നിയമപരമായി വേർപിരിയുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കെയാണ് ആത്മഹത്യ. മകൻ യുവതിയുടെ പിതാവിന്റെ കൂടെയാണ് താമസിക്കുന്നത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രശ്നങ്ങളെ അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ്പ് ലെെനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056 )


Click it and Unblock the Notifications











