»   » മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടരുതെന്ന് ആഗ്രഹിച്ചു

മമ്മൂട്ടിക്ക് അവാര്‍ഡ് കിട്ടരുതെന്ന് ആഗ്രഹിച്ചു

Posted By:
Subscribe to Filmibeat Malayalam
Mammootty-Innocent
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃദ് ബന്ധം നിലനിര്‍ത്തുന്നവരാണ് മമ്മൂട്ടിയും ഇന്നസെന്റും. ഇന്നും ഇന്നലെയുമല്ല, വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഇവര്‍ക്കിടയിലെ സുഹൃദ്ബന്ധത്തിന്. അതിനിപ്പോഴും ഒരിളക്കവും തട്ടിയിട്ടില്ല. അങ്ങനെയുള്ളപ്പോള്‍ മമ്മൂട്ടിയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടരുതെന്ന് നടന്‍ ഇന്നസെന്റ് എന്നെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാവുമോ? ഇല്ലെന്നാവും നമ്മളെല്ലാം കരുതുക.

എന്നാല്‍ അങ്ങനെയൊരു സംഭവമുണ്ടായെന്ന് ഇന്നസെന്റ് തന്നെ മനസ്സ് തുറന്നു പറയുന്നു. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തിന് അനുവദിച്ച ഭിമുഖത്തിലാണ് ഇന്നസെന്റ് ഇക്കാര്യം തുറന്നുപറയുന്നത്.

ഒരു ദുര്‍ബല നിമിഷത്തില്‍ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതേയെന്ന് ആഗ്രഹിച്ചുവെന്നത് സത്യം. ഞാനഭിനയിച്ച 'പത്താംനിലയിലെ തീവണ്ടി'ക്ക് ഏഷ്യയിലെ ഏറ്റവും നല്ല സിനിമയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് കിട്ടിയതാണ്. ആ ചിത്രത്തിലെ എന്റെ അഭിനയത്തിനു ദേശീയ അവാര്‍ഡ് കിട്ടുമെന്നു പലരും പറഞ്ഞിരുന്നു.

ദേശീയ പുരസ്‌കാരം പ്രഖ്യാപിയ്ക്കുന്നതിന്റെ തലേന്ന് ഏറ്റവും മികച്ച നടന്‍മാരായി പരിഗണിയ്ക്കുന്നതില്‍ അമിതാഭ് ബച്ചന്‍, മമ്മൂട്ടി, എന്നിവര്‍ക്കൊപ്പം എന്റ് പേരുമുണ്ടെന്ന് ചാനലില്‍ എഴുതിക്കാണിച്ചപ്പോള്‍ എനിയ്ക്ക് വലിയ സന്തോഷമായി. കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെ പേര് ഇല്ലാതായി. അമിതാഭ് ബച്ചനും മമ്മൂട്ടിയുമായിരുന്നു ഫൈനല്‍ റൗണ്ടില്‍.

ആ നിമിഷത്തില്‍ എന്റെ മനസ്സൊന്ന് വഴിമാറി സഞ്ചരിച്ചു. എനിയ്ക്കില്ലാതെ പോയ അവാര്‍ഡ് മമ്മൂട്ടിയ്ക്ക് കിട്ടരുതെന്ന് ഞാന്‍ ആഗ്രഹിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മൂട്ടിയുടെ പേരുമില്ല, അവാര്‍ഡ് അമിതാഭ് ബച്ചന്. ആ സമയത്താണ് എനിയ്ക്ക് ബോധം വന്നത്. മനസ്സില്‍ കുറ്റബോധവുമുണ്ടായി. ഏറ്റവും അടുപ്പമുള്ള മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതെന്ന് ഞാനഗ്രഹിച്ചത് അസൂയ കൊണ്ടു തന്നെയെന്ന് ഇന്നസെന്റായി തന്നെ ഇന്നച്ചന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

ഇക്കാര്യം മമ്മൂട്ടിയോട് പറഞ്ഞപ്പോള്‍ എന്നെ തല്ലിയില്ലന്നേയുള്ളൂ. എന്നെ നന്നായി അറിയാവുന്നത് കൊണ്ട് മമ്മൂട്ടി പൊട്ടിച്ചിരിച്ചു-ഇന്നസെന്റ് പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam