»   » പ്രണവ് മോഹന്‍ലാല്‍ അഭിനയത്തിലേക്ക്, ആരാണ് സംവിധായകന്‍?

പ്രണവ് മോഹന്‍ലാല്‍ അഭിനയത്തിലേക്ക്, ആരാണ് സംവിധായകന്‍?

Posted By: Rohini
Subscribe to Filmibeat Malayalam

നാളു കുറേയായി മലയാള സിനിമാ പ്രേമികള്‍ ചോദിക്കുന്നു, പ്രണവ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് ഇല്ലേ എന്ന്. സത്യസന്ധമായി പറഞ്ഞാല്‍, ഈ ചോദ്യത്തിന് ഉത്തരം മോഹന്‍ലാലിന്റെ പക്കലില്ല. തന്റെ ജീവിതവും യാത്രയും പ്രണവിന്റെ മാത്രം തീരുമാനങ്ങളാണ്. മകന്റെ തീരുമാനങ്ങള്‍ക്ക് പൂര്‍ണമായും പിന്തുണ നല്‍കുന്ന അച്ഛനാണ് മോഹന്‍ലാല്‍ എന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയാം.

ഞാന്‍ നടനായതുകൊണ്ട് എന്റെ മകനും നടനാകണം എന്നുണ്ടോ; മക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് മോഹന്‍ലാല്‍

പ്രണവ് സിനിമാഭിനയത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്തകള്‍ വീണ്ടും സജീവമാകുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ബാലതാരമായി സിനിമയിലെത്തിയ പ്രണവ് ജീത്തു ജോസഫിന്റെ സഹസംവിധായകനായാണ് മടങ്ങി വന്നത്. ഇനി എന്ന് അഭിനയം എന്ന ചോദ്യത്തിന് വൈകാതെ ഉത്തരം ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം.

പ്രണവ് അഭിനയ രംഗത്തേക്ക്

പ്രണവ് മോഹന്‍ലാല്‍ അഭിനയ രംഗത്തേക്ക് വീണ്ടും എത്തുന്നു എന്ന വാര്‍ത്തകള്‍ സജീവമാകുന്നു. ഒന്നാമന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ബാല്യകാലം അഭിനയിച്ചുകൊണ്ടാണ് പ്രണവ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പുനര്‍ജ്ജനി എന്ന ചിത്രത്തില്‍ അഭിനയിച്ചു. സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ അതിഥി താരമായും എത്തി.

രണ്ടാം വരവ്

ജീത്തു ജോസഫിന്റെ സഹസംവിധായകനായിട്ടാണ് പ്രണവ് മോഹന്‍ലാല്‍ വീണ്ടും സിനിമാ രംഗത്തേക്ക് മടങ്ങിയെത്തിയത്. കമല്‍ ഹസനെ നായകനാക്കി ജീത്തു തമിഴില്‍ സംവിധാനം ചെയ്ത പാപനാശം എന്ന ചിത്രത്തിലും, ദിലീപിനെ നായകനാക്കി ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും സഹസംവിധായകനായി പ്രവൃത്തിച്ചു.

വീണ്ടും അഭിനയ രംഗത്തേക്ക്

വീണ്ടും പ്രണവ് അഭിനയ രംഗത്തേക്ക് വരുന്നു എന്ന വാര്‍ത്ത സജീവമാകുമ്പോള്‍, പ്രണവ് നായകനാകുന്ന ചിത്രം ആര് സംവിധാനം ചെയ്യും എന്നാണ് ചോദ്യം. പ്രിയ ദര്‍ശന്‍, മണിരത്‌നം പോലുള്ള പ്രശസ്ത സംവിധായകരുടെ ചിത്രത്തിലൊന്നും തുടക്കത്തില്‍ പ്രണവ് അഭിനയിക്കില്ലത്രെ. താനുമായി നല്ല അടുപ്പമുള്ള, കംഫര്‍ട്ടബിളായ ഒരു സംവിധായകന്റെ ചിത്രത്തിലൂടെ പ്രണവ് അഭിനയ രംഗത്തേക്ക് വരുന്നു എന്നാണ് വാര്‍ത്തകള്‍.

ജീത്തു ജോസഫ് ചിത്രമോ

പ്രണവിന്റെ നായകനായുള്ള അരങ്ങേറ്റം മലയാളത്തിലൂടെ തന്നെയാണെന്ന് വാര്‍ത്തകളില്‍ പറയുന്നുണ്ട്. ജീത്തു ജോസഫ് ചിത്രത്തിലൂടെ ആകുമോ പ്രണവിന്റെ മടങ്ങിവരവ് എന്ന സംശയവും ഉയരുന്നു. പ്രണവിനെ അടുത്തറിയുന്ന സംവിധായകരില്‍ ഒരാളാണ് ജീത്തു. എന്തായാലും താരപുത്രന്റെ വരവിനായി പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നു.

English summary
Is Pranav Mohanlal coming back as an actor?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam