പ്രണവ് മോഹന്‍ലാല്‍ സ്വതന്ത്ര സംവിധായകനാകുന്നു, നായകന്‍ ദുല്‍ഖര്‍ !
ഒരു താര പുത്രന്‍ മറ്റൊരു താരപുത്രനെ വച്ച് സിനിമ സംവിധാനം ചെയ്താല്‍ അത് ഹിറ്റാകും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. പ്രത്യേകിച്ച് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും മക്കള്‍ തമ്മില്‍ കൈ കോര്‍ക്കുമ്പോള്‍. ഒരു വെടിയ്ക്ക് രണ്ടില്‍ കൂടുതല്‍ പക്ഷികള്‍ എങ്ങനെയൊക്കെയായാലും താഴെ വീഴും. പറഞ്ഞുവരുന്നത് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കികൊണ്ട് പ്രണവ് മോഹന്‍ലാല്‍ സ്വതന്ത്ര സംവിധായകനാകുന്ന കാര്യമാണ്.
പ്രണവ് മോഹന്‍ലാല്‍ എപ്പോള്‍ അഭിനയത്തിലേക്ക് തിരിച്ചുവരും തിരിച്ചുവരും എന്ന് മലയാളി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുമ്പോഴാണ് ജീത്തു ജോസഫിന്റെ അസിസ്റ്റന്റ് ഡയറക്ടാറി പ്രണവിന്റെ രണ്ടാം വരവ്. ആ തിരിച്ചുവരവ് ആരാധകര്‍ക്ക് വലിയ ആശ്വാസമായിരുന്നു.

അഭിനയത്തിലേക്ക് എപ്പോള്‍ വരും എന്ന് ചോദിച്ചപ്പോള്‍, ഇപ്പോള്‍ തനിയ്ക്ക് അതിനോട് താത്പര്യമില്ലെന്നാണ് താരപുത്രന്‍ പറഞ്ഞത്. യാത്രകളിഷ്ടപ്പെടുന്ന പ്രണവ് സംവിധാനം പഠിക്കാന്‍ ജീത്തു ജോസഫിനൊപ്പം കൂടി. കമല്‍ ഹസനൊപ്പം ജീത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശത്തിന് ശേഷം ഇപ്പോള്‍ ദിലീപ് നായകനാകുന്ന ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും സംവിധാന സഹായിയാണ് പ്രണവ്.
അങ്ങനെ ഒടുവില്‍ സഹ സംവിധായകന്റെ ചിറകില്‍ നിന്നും പ്രണവ് പുറത്തേയ്ക്ക് വരുന്നു. ലൈഫ് ഓഫ് ജോസൂട്ടിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ പ്രണവ് സ്വതന്ത്രമായി ഒരു സിനിമ സംവിധാനം ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ മകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ അഭിനയിക്കുന്നു എന്നാണ് കേള്‍ക്കുന്നത്.
ഒരു താര പുത്രന്‍ മറ്റൊരു താര പുത്രനെ വച്ച് സിനിമ സംവിധാനം ചെയ്താല്‍ അത് ഹിറ്റാവാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ടെന്ന് മാത്രമല്ല, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയും ഫാന്‍സിനെ മുഴുവന്‍ ആകര്‍ഷിയ്ക്കാനുമാവും.
ഇങ്ങനെ ഒരു ചലച്ചിത്രം ഉണ്ടായാല്‍ അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്യും. പരസ്പരം പോരടിച്ച് നില്‍ക്കുന്ന ഫാന്‍സുകള്‍ക്ക് ഇത് ഒരു ഇരുട്ടടി ആകുമോ എന്ന് സംശയിയ്ക്കുന്നവരും ഇല്ലാതില്ല. പ്രണവ് ഇത്തരം ഒരു പദ്ധതിയെ കുറിച്ച് കുടുംബ സുഹൃത്തും സംവിധായകനുമായ മേജര്‍ രവിയോട് അഭിപ്രായം ചോദിച്ചതായാണ് അറിയുന്നത്. അദ്ദേഹം ഇത് മികച്ച ആശയമാണെന്ന അഭിപ്രായക്കാരനാണത്രെ.
ഈ വിഷയത്തില്‍ മോഹന്‍ലാലിന് പ്രത്യേക അഭിപ്രായം ഒന്നും ഇല്ല. പ്രണവ് അഭിപ്രായം ചോദിച്ചെങ്കിലും നിനക്ക് യുക്തമെന്ന് തോന്നുന്നത് ചെയ്യാമെന്നാണത്രെ മൊഴിഞ്ഞത്.
തുടര്‍ന്നാണ് പ്രണവ് ദുല്‍ഖറുമായി സംസാരിച്ചത്. ദുല്‍ഖറിന് ഇതില്‍ എതിര്‍പ്പില്ല. മമ്മൂട്ടി എതിര്‍പ്പ് പറയാന്‍ സാദ്ധ്യത ഇല്ലെന്ന് ദുല്‍ഖര്‍ പ്രണവിനോട് പറഞ്ഞതായും അറിയുന്നു. പ്രണവിന്റെ യാത്രാനുഭവങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതായിരിക്കും സിനിമ.
ഇനി മറ്റൊരു സത്യം കൂടെ പറയട്ടെ. മുകളില്‍ പറഞ്ഞ ഈ വാര്‍ത്തയ്ക്കും യാഥാര്‍ത്ഥ്യത്തിനും തമ്മില്‍ യാതൊരു വിധ ബന്ധവുമില്ല. എല്ലാ ഫില്‍മിബീറ്റ് വായനക്കാര്‍ക്കും വിഡ്ഡിദിനാശംസകള്‍!


Click it and Unblock the Notifications