ഗൗതമിന്റെ മധുരപ്രതികാരം; സൂര്യയുടെ ധ്രുവനച്ചിത്തിരം ഇനി വിക്രമിന്
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ മേനോന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ചിമ്പുവിനെ നായകനാക്കി ഒരുക്കുന്ന അച്ചം എന്‍പത് മടയമടാ എന്ന ചിത്രത്തിന് ശേഷം ഗൗതം വിക്രമിനൊപ്പം കൈകോര്‍ക്കുമെന്നായിരുന്നു വാര്‍ത്തകള്‍.
സൂര്യ ഉപേക്ഷിച്ച ധ്രുവനച്ചിത്തിരം എന്ന ചിത്രമാണ് ഇപ്പോള്‍ ഗൗതം വിക്രമിനെ നായകനാക്കി ഒരുക്കാനിരിക്കുന്നതെന്നാണ് ഒടുവില്‍ കേള്‍ക്കുന്ന വാര്‍ത്ത. അങ്ങനെ വരുമ്പോള്‍ ഗൗതമിന് ഇത് സൂര്യയോടുള്ള ഒരു മധുര പ്രതികാരം കൂടെയായിരിക്കും.

ഈ ധ്രുവനച്ചിത്തിരത്തിന്റെ പേരിലാണ് കാക്ക കാക്ക, വാരണം ആയിരം എന്നീ ചിത്രങ്ങളിലൂടെ മികച്ച നായക- സംവിധാന കൂട്ടുകെട്ടായിരുന്ന ഗൗതമും സൂര്യയും തെറ്റിപ്പിരിഞ്ഞത്. അതോടെ ഇനിയൊരിക്കലും സൂര്യയെ നായകനാക്കി സിനിമ ചെയ്യില്ലെന്ന് ഗൗതമും, ഗൗതമിന്റെ ചിത്രത്തില്‍ അഭിനയിക്കില്ലെന്നും സൂര്യയും വെട്ടിത്തുറന്ന് പറയുകയും ചെയ്തു.
എന്ത് തന്നെയായാലും സൂര്യ ഉപേക്ഷിച്ച ധ്രുവനച്ചിത്തിരം ഇപ്പോള്‍ വിക്രമിന് ലഭിച്ചെന്നാണ് കേള്‍ക്കുന്നത്. നയന്‍താരയാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ പത്ത് എന്‍ട്രതുക്കുള്ളൈ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിക്രം. സമാന്തയാണ് നായിക. അതിനിടയില്‍ ആനന്ദിന്റെ പുതിയ ചിത്രത്തിലും വിക്രം കരാറൊപ്പിട്ടിട്ടുണ്ട്.


Click it and Unblock the Notifications