തമിഴിലും ഉമ്മച്ചികുട്ടി ഇഷ തല്‍വാര്‍ തന്നെ
ഉമ്മച്ചികുട്ടിയെന്ന് കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്നത് തട്ടം കൊണ്ട് മറച്ചുവച്ച ഇഷ തല്‍വാറിന്റെ മുഖമാണ്. വിനീത് ശ്രീനിവാസന്റെ 'തട്ടത്തിന്‍ മറയ്ത്ത്' എന്ന ചിത്രം അതുവരെയുള്ള പ്രണയകഥകളില്‍ നിന്ന് വ്യത്യസ്തമായിരുന്നില്ല, എന്നാല്‍ കഥ പറഞ്ഞ രീതിയും അതിലെ താരങ്ങളുടെ അഭിനയവും പുതുമുയുള്ളതുമായിരുന്നു.
ഇഷ തല്‍വാറിനും നിവിന്‍ പോളിയ്ക്ക് വിനീത് ശ്രീനിവാസനും തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം ഒരു പോലെ പ്രധാനമാണ്. എന്തെന്നാല്‍ ഈ ചിത്രമാണ് മൂന്ന് പേരുടെയും കരിയറിന് ബ്രേക്ക് നല്‍കിയത്. തട്ടത്തിന്‍ മറയത്തിന് ശേഷം ബാല്യകാലസഖി, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം ചെയ്‌തെങ്കിലും ഇഷയുടെ, മലയാളികള്‍ എന്നും ഓര്‍ക്കുന്ന വേഷം തട്ടത്തിന്‍ മറയത്തിലെ ഉമ്മച്ചിക്കുട്ടി തന്നെ.

ഈ ഉമ്മച്ചിക്കുട്ടി ഇനി തമിഴിലേക്ക് പോകുന്നു. ഇഷ തമിഴില്‍ നേരത്തെ ഒരു ചിത്രം ചെയ്തതാണ്. എന്നാല്‍ വീണ്ടും തമിഴകത്തേയ്ക്ക് പോകുന്നത് തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന്റെ റീമേക്കുമായാണെന്നത് സന്തോഷമുള്ള കാര്യമാണ്.
'യാരടി നീ മോഹിനി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജവഹര്‍ ആണ് മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായ തട്ടത്തിന്‍ മറയത്തിന്റെ റീമേക്ക് തമിഴില്‍ ഒരുക്കുന്നത്. ഇഷ തന്നെയാണ് നായിക എന്ന കാര്യവും അദ്ദേഹം സ്ഥരീകരിച്ചു. നായകന്‍ പുതുമുഖമായിരിക്കും.
സെപ്റ്റംബര്‍ പത്തിന് ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോയമ്പത്തൂരും പൊള്ളാച്ചിയുമായിരിക്കും. വിഷ്ണു ശര്‍മയും എം ത്യാഗരാജയുമാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജി വി പ്രകാശിന്റേയാണ് സംഗീതം.


Click it and Unblock the Notifications