ദിലീപും മഞ്ജുവും വിവാഹമോചന ഹര്‍ജി നല്‍കി
ദിലീപും മഞ്ജു വാര്യയും പരസ്പരധാരണയോടെയുള്ള വിവാഹമോചനത്തിനായി ഹര്‍ജി നല്‍കിയതായി റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട കേസ് അവസാനഘട്ടത്തിലാണെന്നും സ്വത്തു വിഭജനവും മകളുടെ സംരക്ഷണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാത്രമേ ഇനി തീരുമാനമാകാനുള്ളുവെന്നുമാണ് സൂചന. സ്വത്തു വിഭജനവും നിയമപ്രകാരമുള്ള കൗണ്‍സിലിങ് ഘട്ടങ്ങളും കഴിയുന്നതോടെ വിവാഹമോചനം അനുവദിയ്ക്കുമെന്നാണ് അറിയുന്നത്.
തൃശൂര്‍ കുടുംബകോടതിയിലാണ് ദിലീപും മഞ്ജുവും പരസ്പരധാരണയോടെ പിരിയുകയാണെന്ന് കാണിച്ച് ഹര്‍ജി നല്‍കിയത്. ഏതാണ്ട് ഒരു വര്‍ഷത്തോളമായി രണ്ടുപേരും പിരിഞ്ഞാണ് കഴിയുന്നത്. ദിലീപും മകള്‍ മീനാക്ഷിയും ആലുവയിലെ വീട്ടിലും മഞ്ജു തൃശൂര്‍ പുള്ളിലുള്ള വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പവുമാണ് കഴിയുന്നത്.

ഇതിനിടെ മകള്‍ മീനാക്ഷിയെ സംരക്ഷിയ്ക്കാനുള്ള ചുമത കോടതി ദിലീപിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നതത്രേ. കോടതി അനുവദിച്ച സമയങ്ങളില്‍ മഞ്ജു മകളെ കാണാനെത്തുകയാണത്രേ പതിവ്. അച്ഛനും അമ്മയും പിരിയുമ്പോള്‍ അച്ഛനൊപ്പം നില്‍ക്കാനാണ് മീനാക്ഷി താല്‍പര്യപ്പെടുന്നത് എന്നാണ് കേള്‍ക്കുന്നത്.
ഏറെനാളുകളായി ദിലീപും മഞ്ജുവും പിരിയുകയാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരുന്നു. ദിലീപ് പലപ്പോഴും ഇത്തരം വാര്‍ത്തകളില്‍ കഴമ്പില്ലെന്ന് പ്രതികരിച്ചിരുന്നുവെങ്കിലും മഞ്ജു ഒരിക്കലും അവ നിഷേധിച്ചിരുന്നില്ല. 2013ലായിരുന്നു ഇവര്‍ പിരിയാന്‍ തീരുമാനിച്ചുവെന്ന രീതിയില്‍ ഏറ്റവുമധികം റിപ്പോര്‍ട്ടുകള്‍ വന്നത്. പിന്നാലെ രണ്ടുപേരും വേറിട്ട് താമസിക്കാനും തുടങ്ങിയിരുന്നു.
ഇതിനിടെ പരസ്യചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്ക് മടങ്ങിയെത്തിയ മഞ്ജു പുതിയ ചിത്രങ്ങളിലേയ്ക്ക് കരാറാവുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











