പോര്‍ച്ചുഗലില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമായി ഇട്ടിമാണി! ലൂസിഫറിന് പിന്നാലെ വമ്പന്‍ റിലീസ്
മോഹന്‍ലാലിന്റെ ഓണം റിലീസായി തിയ്യേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്ന സിനിമയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ലൂസിഫറിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് പുതിയ സൂപ്പര്‍ താര ചിത്രം എത്തുന്നത്. ഇട്ടിമാണിയുടെതായി പുറത്തിറങ്ങിയ ഗാനങ്ങളും ട്രെയിലറുമെല്ലാം തന്നെ ശ്രദ്ധേയമായി മാറിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍കാരനായി എത്തുന്നുവെന്ന പ്രത്യേകതകളോടെയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന വരുന്നത്.

നവാഗതരായ ജിബി ജോജു ടീമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്തിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയ്ക്കായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇത്തവണയും വലിയ റിലീസായിട്ടാണ് മോഹന്‍ലാല്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന്‍, ലൂസിഫര്‍ പോലെ വലിയ റിലീസ് ഇട്ടിമാണിക്കും ഉണ്ടാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെപ്റ്റംബര്‍ ആറിനാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

മലയാള സിനിമാ ചരിത്രത്തിലെ എറ്റവും വലിയ ഓവര്‍സീസ് റിലീസുകളില്‍ ഒന്നാണ് മോഹന്‍ലാല്‍ ചിത്രം നേടിയെടുത്തിരിക്കുന്നത്. യൂറോപ്പ് ,മിഡില്‍ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയവിടങ്ങളില്‍ വമ്പന്‍ റിലീസാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്നും അറിയുന്നു. പോര്‍ച്ചുഗലില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോര്‍ഡും സ്വന്തമാക്കുവാന്‍ ഒരുങ്ങുകയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഇത്തവണയും മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ അണിച്ചൊരുക്കിയ ചിത്രത്തിന് ചൈനയിലും ഷൂട്ടിംഗ് ഉണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ഇട്ടിമാണിയില്‍ അണിനിരക്കുന്നുണ്ട്. ഇവര്‍ക്കൊപ്പം രാധിക ശരത്കുമാറും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ഹണി റോസും ജോസഫിലൂടെ ശ്രദ്ധേയയായ മാധുരിയുമാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സിദ്ധിഖ്, കെപിഎസി ലളിത, കൈലാഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഷാജികുമാര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഫോര്‍ മ്യൂസിക്സാണ് സംഗീതം ചെയ്തിരിക്കുന്നത്. ജിബി ജോജു തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് സൂരജ് ഇഎസ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നു.


Click it and Unblock the Notifications











