»   » ജഗതിക്ക് ഇനി ചികിത്സ മെഡി. കോളേജില്‍

ജഗതിക്ക് ഇനി ചികിത്സ മെഡി. കോളേജില്‍

Posted By:
Subscribe to Filmibeat Malayalam
jagathy-sreekumar
തിരുവനന്തപുരം: കാറപകടത്തില്‍ മസ്തിഷ്‌കത്തിന് ഗുരുതരമായ പരിക്കേറ്റ ജഗതി ശ്രീകുമാറിന് ഇനി തുടര്‍ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും. വെല്ലൂരില്‍ ഒരു വര്‍ഷത്തോളം നീണ്ട ചികിത്സയിലായിരുന്നു മലയാളത്തിന്റെ പ്രിയ നടന്‍. മെഡിക്കല്‍ കോളേജിലെത്തിയ ജഗതിയെ വ്ിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘം പരിശോധിച്ച ശേഷമാണ് ചികിത്സാക്രമങ്ങള്‍ നിശ്ചയിച്ചത്.

കഴിഞ്ഞ വര്‍ഷമാണ് കോഴിക്കോട് വെച്ച് ജഗതിക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. അപകടത്തില്‍ മസ്തിഷ്‌കത്തിന് ഗുരുതരമായ ക്ഷതം സംഭവിച്ച് ജഗതിക്ക് ഓര്‍മ്മശക്തിയും സംസാരശേഷിയും ചലനശേഷിയും നഷ്ടപ്പെട്ടിരുന്നു. വെല്ലൂരിലെ ചികിത്സയ്ക്കുശേഷം ഓര്‍മശക്തി ഭാഗികമായി തിരിച്ചുകിട്ടി. എന്നാല്‍ സംസാരശേഷി ഇനിയും വീണ്ടുകിട്ടിയില്ല. സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാന്‍ വേണ്ടി കുറച്ചുകാലം കൂടി ഫിസിയോ തെറാപ്പി വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അപകടത്തില്‍ ദേഹമാസകലം പരിക്കേറ്റ ജഗതിക്ക് ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു. ആന്തരികമായ പരിക്കുകള്‍ ഇതിനോടകം കുറെയൊക്കെ ഭേദമായിട്ടുണ്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം ഇനിയും മാറിയിട്ടില്ല. ഫിസിക്കല്‍ മെഡിസിന്‍, ന്യൂറോ മെഡിസിന്‍, സൈക്യാട്രി വിഭാഗങ്ങളിലെ മേധാവികളായിരിക്കും ജഗതിയുടെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുക.

ഫിസിയോതെറാപ്പിക്കു പുറമേ ജഗതിക്ക് സ്പീച്ച് തെറാപ്പിയും മെഡിക്കല്‍ കോളേജില്‍ ചെയ്യുമെന്നാണ് അറിയുന്നത്. രണ്ടാഴ്ച മുമ്പാണ് ജഗതിയെ നാട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഏതൊക്കെ ദിവസങ്ങളിലാണ് ജഗതിയെ മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്കായി കൊണ്ടുവരിക എന്ന കാര്യം ഡോക്ടര്‍മാര്‍ അറിയിച്ചിട്ടില്ല.

English summary
Malayalam actor Jagathy Sreekumar continue his treatment and physiotherapy at Thiruvananthapuram medical college, sources said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam