തുളു ബ്രാഹ്മണ യുവതിയായി ജനനി അയ്യര്‍
യുവതാരം ജനനി അയ്യര്‍ക്കിപ്പോള്‍ മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളുണ്ട്. ശരിയ്ക്കും പറഞ്ഞാല്‍ സെറ്റില്‍ നിന്നും സെറ്റിലേയ്ക്കുള്ള യാത്രയാണ് ജനനിയുടെ ജീവിതം ഇപ്പോള്‍. തിരക്കോട് തിരക്ക്, കൈവരുന്നതെല്ലാം മികച്ച പ്രൊജക്ടുകള്‍. ഇക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ചിത്രമാണ് എഡിസണ്‍ ഫോട്ടോസ്.
നിവിന്‍ പോളി പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ജനനി ഒരു തുളു ബ്രാഹ്മണ പെണ്‍കുട്ടിയുടെ വേഷത്തിലാണ് എത്തുന്നത്. മെയ് അവസാനത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുന്നത്. മനോഹരമായ ലൊക്കേഷനുകളിലായിരിക്കും ചിത്രം ഷൂട്ട് ചെയ്യുകയെന്നാണ് അറിയുന്നത്.
യുവനിരയിലെ ശ്രദ്ധേയനായ താരം നിവിന്‍ പോളിയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോകുന്നതില്‍ താന്‍ ആകെ എക്‌സൈറ്റഡാണെന്ന് ജനനി പറയുന്നു. മലയാളി അല്ലെങ്കിലും മലയാളചിത്രങ്ങളിലെ കഥാപാത്രങ്ങളെ കുറ്റമറ്റതാക്കാന്‍ വേണ്ടി ഇപ്പോള്‍ ജനനി അത്യാവശ്യം മലയാളം വശപ്പെടുത്തിയിട്ടുണ്ട്.
തമിഴില്‍ അവന്‍ ഇവന്‍ എന്ന ചിത്രത്തിലൂടെയാണ് മോഡലിങ് രംഗത്ത് സജീവമായിരുന്ന ജനനി അയ്യര്‍ അഭിനയരംഗത്തേയ്ക്ക് എത്തിയത്. അതിന് മുമ്പ് 150ഓളം ടെലിവിഷന്‍ പരസ്യചിത്രങ്ങളില്‍ ജനനി അഭിനയിച്ചിരുന്നു. അവന്‍ ഇവന്‍ എന്ന ചിത്രത്തിന് മുമ്പേ തിരു തിരു തുരു തുരു എന്ന ചിത്രത്തില്‍ ജനനി ഒരു മോഡലിന്റെ വേഷം ചെയ്തിരുന്നു. ഇതിന് പിന്നാലെ വിണ്ണൈത്താണ്ടി വരുവായാ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് വേണ്ടി അസിസ്റ്റന്റ് ഡയറക്ടറായും ജോലിചെയ്തു.
ത്രീ ഡോട്‌സ് എന്ന ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു ജനനിയുടെ മലയാളത്തിലെ അരങ്ങേറ്റം. ഇപ്പോള്‍ കൂതറ, സെവന്‍ത് ഡേ, മോസയിലെ കുതിരമീനുകള്‍ എന്നീ ചിത്രങ്ങളിലെല്ലാം ജനനി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications












