ശ്രീദേവിയുടെ ആഗ്രഹം പൂര്‍ത്തിയാവുന്നു! തമിഴിലേക്ക് അരങ്ങേറ്റം നടത്താനൊരുങ്ങി താരപുത്രി ജാന്‍വി
ഒരു കാലത്തെ തെന്നിന്ത്യന്‍ സൂപ്പര്‍ നായികയായിരുന്ന ശ്രീദേവി ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കാര്യം മകള്‍ ജാന്‍വിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അപ്രതീക്ഷിത മരണം ശ്രീദേവിയുടെ സ്വപ്‌നങ്ങളെല്ലാം തട്ടിത്തെറിപ്പിച്ചു. എന്നാല്‍ മകള്‍ ജാന്‍വി ബോളിവുഡില്‍ അഭിനയിക്കാന്‍ എത്തിയിരുന്നു. ധടക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ താരപുത്രി തെന്നിന്ത്യന്‍ സിനിമയിലേക്കും എത്തുകയാണ്.
തമിഴ് സിനിമയില്‍ നിന്നുമായിരുന്നു ശ്രീദേവി അരങ്ങേറ്റം നടത്തിയിരുന്നത്. ഇപ്പോഴിതാ ജാന്‍വിയും തമിഴ് സിനിമയിലേക്ക് എത്തുകയാണ്. താരപുത്രിയുടെ തമിഴിലെ അരങ്ങേറ്റ സിനിമ തന്നെ സൂപ്പര്‍ താരം അജിത്തിനൊപ്പമാണെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. പ്രശസ്ത ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അടുത്തിടെയാണ് ബോളിവുഡിലെ പ്രമുഖ നിര്‍മാതാവും ജാന്‍വിയുടെ പിതാവുമായ ബോണി കപൂര്‍ തമിഴില്‍ അജിത്തിനൊപ്പം സിനിമ ചെയ്യുന്നതായി പ്രഖ്യാപിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം തല 60 എന്ന പേരിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോട് കൂടിയാണ് താരപുത്രി ജാന്‍വി തമിഴിലെത്തുന്ന കാര്യവും വ്യക്തമായത്.

അജിത്തിനൊപ്പം പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ജാന്‍വി തമിഴിലേക്ക് എത്തുന്നത്. ഈ സിനിമയുടെ പൂജ ആഗസ്റ്റ് അവസാനത്തോട് കൂടി നടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. സെപ്റ്റംബര്‍ ആദ്യ ആഴ്ചകളില്‍ തന്നെ ഷൂട്ടിംഗ് തുടങ്ങനാണ് തീരുമാനച്ചിരിക്കുന്നത്. അതേ സമയം സിനിമയിലെ മറ്റ് താരങ്ങളെ കുറിച്ചും അണിയറ പ്രവര്‍ത്തകരെ കുറിച്ചും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഈ ദിവസങ്ങളില്‍ തന്നെ അതുണ്ടാവുമെന്നാണ് കരുതുന്നത്.

നേര്‍കൊണ്ട പാര്‍വൈയ്ക്ക് ശേഷം അജിത്തിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കുന്ന ചിത്രമാണ് തല 60. നേര്‍കൊണ്ട പാര്‍വൈ നിര്‍മ്മിച്ചതും ബോണി കപൂര്‍ തന്നെയായിരുന്നു. ബോളിവുഡ് ചിത്രം പിങ്കിന്റെ തമിഴ് റീമേക്ക് ആയി ഒരുക്കിയ നേര്‍കൊണ്ട പാര്‍വൈ ആഗസ്റ്റ് എട്ടിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. ഇത് സൂചിപ്പിച്ച് കൊണ്ട് ബോണി കപൂര്‍ പുറത്ത് വിട്ട ട്വീറ്റിലാണ് പുതിയ ചിത്രത്തെ കുറിച്ചും സൂചിപ്പിച്ചിരിക്കുന്നത്.

അജിത്തിനൊപ്പം ശ്രീദേവി അഭിനയിച്ചിരുന്നു. ശ്രീദേവി അവസാന കാലഘട്ടത്തില്‍ അഭിനയിച്ച ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു അജിത്ത് അഭിനയിച്ചത്. ഈ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ശ്രീദേവിയ്ക്ക് അജിത്ത് വാക്ക് നല്‍കിയിരുന്നു. ബോണി കപൂറിന്റെ സിനിമയില്‍ അഭിനയിച്ച് ഈ വാക്ക് താരം പാലിക്കുകയാണ്. ശ്രീദേവിയുടെ കഴിഞ്ഞ ജന്മദിനത്തിലായിരുന്നു ഈ കൂട്ടുകെട്ടില്‍ ഒരു സിനിമ വരുന്നത് പ്രഖ്യാപിച്ചത്. ഇവര്‍ക്കൊപ്പം മകള്‍ ജാന്‍വി കൂടി എത്തിയതിന്റെ ത്രില്ലിലാണ് ആരാധകര്‍.


Click it and Unblock the Notifications











