ആ ചൈതന്യം മാഞ്ഞിട്ട് ഇരുപത് വര്‍ഷം - 2
ശരീരത്തിന്റെ ആരോഗ്യവും സൗന്ദര്യവും മലയാള സിനിമക്കു മുന്നില്‍ തുറന്നു കാട്ടിയ ജയന്റെ മറ്റൊരു അനുഗ്രഹം ഗാംഭീര്യം തുളുമ്പുന്ന ശബ്ദമായിരുന്നു. ഇന്നും മലയാളി പ്രേക്ഷകന്റെ മനസ്സില്‍ അലയടിക്കുന്ന ജയന്റെ സംഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദസൗകുമാര്യത്തിന്റെ തന്നെ തെളിവാണ്... മിമിക്രിക്കാര്‍ ഇതൊരു ഹാസ്യാനുകരണമായി ഉപയോഗിക്കുന്നുണ്ടെങ്കിലും.
വില്ലന്‍ വേഷങ്ങളില്‍ നിന്ന് നായക നടനിലേക്കുള്ള ജയന്റെ മാറ്റം ശ്രീകുമാര്‍ തമ്പി സംവിധാനം ചെയ്ത ഭിക്ഷാംദേഹിയിലൂടെയാണ്. പിന്നീട് തച്ചോളി അമ്പുവിലെ ഡബിള്‍ റോള്‍ കൂടി ചെയ്തതോടെ ജയന്‍ മലയാള സിനിമാ നായകരുടെ നിരയിലേക്കുയര്‍ന്നു. ഹരിഹരന്റെ ശരപഞ്ജരം, ഐ.വി. ശശിയുടെ ചിത്രങ്ങളായ അങ്ങാടി, കാന്തവലയം, മീന്‍ തുടങ്ങിയ ചിത്രങ്ങള്‍ ജയനെ മലയാളത്തിലെ തിരക്കുള്ള നടനാക്കി. അങ്ങാടി അക്കാലത്തെ റിക്കാര്‍ഡ് പ്രദര്‍ശന വിജയമായിരുന്നു.
പിന്നീടങ്ങോട്ട് മലയാളത്തില്‍ ജയന്‍ തരംഗം ആഞ്ഞടിച്ചു. തീനാളം, നായാട്ട്, മൂര്‍ഖന്‍, മനുഷ്യമൃഗം, ആവേശം, കരിമ്പന, ഇടിമുഴക്കം, അങ്കക്കുറി, ശക്തി, ശത്രുസംഹാരം, ഇരുമ്പഴികള്‍, കരിപുരണ്ട ജീവിതങ്ങള്‍, ഇത്തിക്കരപ്പക്കി, അനുപല്ലവി, ചുവന്ന ചിറകുകള്‍, ഇവിടെ കാറ്റിനു സുഗന്ധം, മോചനം, സായൂജ്യം... ചിത്രങ്ങളുടെ നിര നീളുന്നു.
കോല്ലം തേവള്ളി കൊട്ടാരം സൂക്ഷിപ്പുകാരന്‍ ഓലയില്‍ പൊന്നച്ചം വീട്ടില്‍ സത്രം മാധവന്‍ പിള്ളയുടേയും പഴവൂര്‍ കുടുംബാംഗം ഭാരതിയുടെയും മകന്‍ കൃഷ്ണന്‍ നായര്‍ ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് മറഞ്ഞെങ്കിലും മലയാള സിനിമാ പ്രേമികള്‍ക്ക് ഇനിയും അദ്ദേഹത്തെ മറക്കാന്‍ കഴിയില്ല. മണ്‍മറഞ്ഞു പോയ ആ അതുല്യനടന്റെ ശേഷിപ്പുകളായി മലയാളികള്‍ക്കോമനിക്കാന്‍ ഒരുപാട് സിനിമകള്‍ ഉള്ളിടത്തോളം കാലം.
2


Click it and Unblock the Notifications











