ബിജുവിന് വച്ചത് സുഗീത് ജയറാമിന് നല്‍കി
ഇടയ്ക്ക് തെളിയുകയും ഇടയ്ക്ക് മങ്ങുകയും ചെയ്യുന്നതാണ് ഇപ്പോള്‍ ജയറാമിന്റെ സിനിമാ ജീവിതത്തിന്റെ ഒരു രീതി. ചില ചിത്രങ്ങളെല്ലാം വലിയ വിജയങ്ങളായി മാറുമ്പോള്‍ ചിലത് ശ്രദ്ധിക്കപ്പെടാതെ പോകും. സഹതാരങ്ങള്‍ക്കൊപ്പം പ്രാധാന്യമേറിയ റോളുകളുമായി ജയറാമെത്തിയ ചിത്രങ്ങളെല്ലാം വലിയ വിജയം കണ്ടവയാണ്. ഇനി വരാനിരിക്കുന്ന ജയറാം ചിത്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ.
ഗവിയുടെ പശ്ചാത്തലത്തിലെ പ്രണയകഥ പറഞ്ഞ ഓര്‍ഡിനറിയെന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് സുഗീത്. ഓര്‍ഡിനറിയുള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ കരിയറില്‍ വലിയ മാറ്റങ്ങളുണ്ടായ നടനാണ് ബിജു മേനോന്‍. ഇപ്പോള്‍ ബിജുവിന് കൈനിറയെ ചിത്രങ്ങളുണ്ട്, പലര്‍ക്കും നല്‍കാന്‍ ഡേറ്റ് ഇല്ലതാനും.

ഒന്നും മിണ്ടാതെയില്‍ ബിജുവിനെ നായകനാക്കാനായിരുന്നു സുഗീത് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ബിജുവിനെ സമീപിയ്ക്കുകയും ചെയ്തു. പക്ഷേ ബിജുവിന് ഡേറ്റില്ല. തുടര്‍ന്നാണ് ജയറാമിനെത്തേടി സുഗീത് എത്തിയത്. ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തുന്നത് കാവ്യ മാധവനാണ്. ഒരു കൃഷിവകുപ്പ് ഉദ്യോഗസ്ഥന്റെയും ഭാര്യയുടെയും കഥ പറയുന്ന ചിത്രത്തിന് രാജേഷ് രാഘവനാണ് തിരക്കഥയൊരുക്കുന്നത്. ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് അറിയുന്നത്.


Click it and Unblock the Notifications