മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കാണുമ്പോള്‍ എന്നും ഈ ചോദ്യം ചോദിക്കാറുണ്ടെന്ന് ജയറാം!
കുടുംബ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ജയറാം. ശക്തമായ സ്വീകാര്യതയുമായി മുന്നേറുകയാണ് അദ്ദേഹം. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ പട്ടാഭിരാമന്‍ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. അടുത്തിടെ അമ്പരപ്പിക്കുന്ന മേക്കോവറുമായി താരം എത്തിയിരുന്നു. അല്ലു അര്‍ജുനൊപ്പമുള്ള തെലുങ്ക് ചിത്രത്തിന് വേണ്ടിയായിരുന്നു അദ്ദേഹം ശരീരഭാരം കുറച്ച് ചുള്ളനായി മാറിയത്. വ്യായാമത്തെക്കുറിച്ചും ഡയറ്റിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് അദ്ദേഹം എത്തിയിരുന്നു. കാളിദാസിന് വെല്ലുവിളിയാവുമല്ലോ ജയറാമെന്നായിരുന്നു ആരാധകരുടെ ചോദ്യം.
അടുത്തിടെ ഓണ്‍ലൈന്‍ പീപ്‌സിന് നല്‍കിയ അഭിമുഖത്തിനിടയില്‍ അദ്ദേഹം സിനിമാവിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. അതിനിടയിലാണ് അദ്ദേഹത്തോട് മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പമുള്ള സിനിമയെക്കുറിച്ച് ചോദിച്ചത്. അവരുമായുള്ള സിനിമ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും താനും അത്തരത്തിലൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കാണുമ്പോഴെല്ലാം ഇതേക്കുറിച്ച് ചോദിക്കാറുണ്ട്. അമ്മയുടെ മീറ്റിങ്ങിനൊക്കെ വരുമ്പോഴാണ് ഇരുവരേയും ഒരുമിച്ച് കാണുന്നത്.

നേരിട്ട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആവട്ടടാ, ഒരു സിനിമ ചെയ്യാം നമുക്കെന്നാണ് അവരുടെ മറുപടി. അവരുടെ അനിയനാണ് താനെന്നും എപ്പോ വിളിച്ചാലും താനോടിപ്പോവുമെന്നും ജയറാം പറയുന്നു. ഈ രണ്ട് ചേട്ടന്‍മാര്‍ക്കും തന്നെ സിനിമയിലേക്ക് വിളിക്കാന്‍ വേണ്ടി അധികം കാത്തിരിക്കുകയും ആലോചിക്കുകയുമൊന്നും വേണ്ടെന്നും താരം പറയുന്നു. ചരിത്ര സിനിമകളുടെ ഭാഗമാവുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തമിഴില്‍ നിന്നും അത്തരത്തിലൊരു വലിയ സിനിമയുടെ ഭാഗമാവാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നുമായിരുന്നു ജയറാം പറഞ്ഞത്.


Click it and Unblock the Notifications