ശ്രീകൃഷ്ണ സ്തുതി പാടി കുചേലനായി ജയറാം! സംസ്‌കൃത ഭാഷാ സിനിമയിലെ ആദ്യ ഗാനം
ജയറാം നായകനായ ആദ്യ സംസ്‌കൃത ഭാഷാ ചിത്രമാണ് നമോ. പുരാണത്തിലെ കൃഷ്ണ കുചേല കഥയാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത്. സിനിമയിലെ ആദ്യ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നടന്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഗാനം പുറത്തുവിട്ടിരിക്കുന്നത്. ഭഗവാന്‍ ശ്രീകൃഷ്ണനെ സ്തുതിച്ച് കുചേലന്‍ പാടുന്ന ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംസ്‌കൃതത്തിലുളള ഗാനം ഈണം നല്‍കി ആലപിച്ചിരിക്കുന്നത് പ്രശസ്ത ഭജന്‍ സംഗീതഞ്ജനായ അനൂപ് ജലോട്ടയാണ്. നീല്‍ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് പ്രശാന്ത് കൃഷ്ണനാണ്.ചിത്രത്തില്‍ കുചേല വേഷത്തിലാണ് ജയറാം എത്തുന്നത്. സിനിമയിലെ കഥാപാത്രത്തിനായി നേരത്തെ 20 കിലോ ശരീര ഭാരം ജയറാം കുറച്ചിരുന്നു.
വീജീഷ് മണിയാണ് ജയറാമിന്റെ ആദ്യ സംസ്‌കൃത ഭാഷാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. യു പ്രസന്നകുമാര്‍, ഡോ മഹേഷ് ബാബു തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നു. എസ് ലോകനാഥന്‍ ഛായാഗ്രഹണവും ബി ലെനിന്‍ എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.
നമോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെനാള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കറാണ് പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സംസ്‌കൃത ഭാഷ മാത്രം ഉപയോഗിച്ചുകൊണ്ടാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അതേസമയം അല്ലു അര്‍ജുന്‍ നായകനായ തെലുങ്ക് ചിത്രം അല വൈകുന്ദപുരംലോ ആണ് ജയറാമിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം. സിനിമ ബോക്‌സോഫീസില്‍ നിന്നും വലിയ വിജയം നേടിയിരുന്നു. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ അല്ലു അര്‍ജുന്റെ പിതാവിന്റെ റോളിലാണ് താരം എത്തിയത്. മലയാളത്തില്‍ പട്ടാഭിരാമന്‍ എന്ന ചിത്രമാണ് ജയറാമിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ജയറാം ചിത്രം തിയ്യേറ്ററുകളില്‍ വിജയമായിരുന്നു.


Click it and Unblock the Notifications