കറന്‍സിയുമായി ജയസൂര്യ
ഒരു ദുര്‍ബല നിമിഷത്തില്‍ വ്യാജനോട്ട് കൈകാര്യം ചെയ്യേണ്ടി വന്ന കേശുവെന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ച കലങ്ങി മറിയലുകളാണ് സ്വാതി ഭാസ്കര്‍ സംവിധാനം ചെയ്യുന്ന കറന്‍സി എന്ന ചിത്രത്തിന്റെ പ്രമേയം.
ജയസൂര്യയാണ് കേശുവിന്റെ വേഷത്തിലെത്തുന്നത്. നഗരത്തിലെ ഫോട്ടോസ്റ്റാറ്റ് കടയില്‍ ജോലി ചെയ്യുന്ന കേശുവിന്റെ കൈയില്‍ ആയിരം രൂപയുടെ ഒറ്റരൂപ നോട്ടു കിട്ടിയപ്പോള്‍ അവന്‍ അതിന്റെയൊരു കളര്‍ ഫോട്ടോസ്റ്റാറ്റ് എടുത്തു നോക്കി. ഒറിജിനലും ഫോട്ടോസ്റ്റാറ്റും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്ന് മനസിലാക്കിയ അവന്റെ അന്വേഷണം പിന്നീട് ഒരു കളളനോട്ട് സംഘടിപ്പിക്കുക എന്നതായിരുന്നു.
കളളനോട്ട് കൈയിലെത്തിയപ്പോള്‍ അത് മാറുന്നതിനെക്കുറിച്ചായി ചിന്ത. പഴയ കരകൗശല കൗതുക വസ്തുക്കള്‍ വില്‍ക്കുന്ന ഡാനിയെന്ന വിദേശിയുടെ കൈകളില്‍ കൊടുത്താണ് അവന്‍ നോട്ടു മാറിയത്.
എന്നാല്‍ ഒരു പ്രത്യേക നിമിഷത്തില്‍ താന്‍ ഡാനിയുടെ കൈകളിലേല്‍പ്പിച്ചത് കളളനോട്ടാണെന്ന സത്യം അവന്‍ തുറന്നു പറയുന്നു. പക്ഷേ, ആ തുറന്നു പറച്ചില്‍ അവനെ എത്തിച്ചത് വലിയ ദുരന്തങ്ങളിലേയ്ക്കാണ്.
മുകേഷ്, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, മാമുക്കോയ, അനൂപ് ചന്ദ്രന്‍ എന്നീ പ്രമുഖനടന്മാര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ നായിക മീരാ നന്ദനാണ്. സംവിധായകന്‍ സ്വാതി ഭാസ്ക്കര്‍ തന്നെയാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.
ശരത് വയലാര്‍, സന്തോഷ് വര്‍മ്മ, ജോഫി തരകന്‍ എന്നിവര്‍ എഴുതുന്ന ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത് സിദ്ധാര്‍ത്ഥ് വിപിന്‍. ഇന്‍ഡോ സ്റ്റാര്‍ മൂവി മാജിക്സിന്റെ ബാനറില്‍ ബ്രിജ് ഗില്‍, മോണിക്ക ഗില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications