ജയസൂര്യ പൊലീസായാല്‍
കോമഡി ടച്ചുള്ള നായകവേഷങ്ങളിലാണ് ജയസൂര്യയുടെ തുടക്കം. അതില്‍പ്പിന്നെ ജയസൂര്യ തന്ന പറയുന്നതു പോലെ 'പിടിച്ചുനില്‍ക്കാന്‍' നായകവേഷമേ ചെയ്യൂ എന്ന നിര്‍ബന്ധം ഉപേക്ഷിക്കേണ്ടിവന്നു.
വില്ലന്‍ വേഷങ്ങളിലേക്കുള്ള മാറ്റം അങ്ങനെയായിരുന്നു. ക്ലാസ് മേറ്റ്സിലും അറബിക്കഥയിലും കങ്കാരുവിലും വില്ലന്‍ വേഷം നന്നായി അവതരിപ്പിക്കാന്‍ ജയസൂര്യക്കു കഴിഞ്ഞു. ഇപ്പോള്‍ ജയസൂര്യ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ഒരു കഥാപാത്രം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നു.
പൊലീസ് വേഷങ്ങള്‍ ചെയ്യുകയെന്നത് എല്ലാ താരങ്ങള്‍ക്കും ഒരു പോലെ എളുപ്പമല്ല. മമ്മൂട്ടിയും സുരേഷ് ഗോപിയും ഒട്ടേറെ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ മോഹന്‍ലാല്‍ കാക്കിയിട്ടത് താരതമ്യേന കുറച്ചു സിനിമകളില്‍ മാത്രമാണ്. പൃഥ്വിരാജ് കരിയറിന്റെ ആദ്യവര്‍ഷങ്ങളില്‍ തന്നെ പൊലീസ് വേഷത്തില്‍ ഒന്നിലേറെ ചിത്രങ്ങളില്‍ തിളങ്ങിയപ്പോള്‍ ദിലീപിന് ദേഹത്ത് കാക്കിയിട്ടൊരു പരീക്ഷണം നടത്താന്‍ വര്‍ഷങ്ങള്‍ തന്നെ കാത്തിരിക്കേണ്ടിവന്നു.
പൊലീസ് വേഷം ചെയ്യാന്‍ അനുയോജ്യമായ ആകാരമാണ് താരങ്ങളെ അത്തരം വേഷങ്ങള്‍ തേടിയെത്തുന്നതിന്റെ മാനദണ്ഡം. ജയസൂര്യക്ക് അത്തരമൊരു ആകാരമുണ്ടെന്ന് അദ്ദേഹമോ അദ്ദേഹത്തിന്റെ ആരാധകരോ പോലും കരുതുന്നുണ്ടാവില്ല. എന്നാല്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പോസിറ്റീവ് എന്ന ചിത്രത്തില്‍ ജയസൂര്യ അഭിനയിക്കുന്നത് പൊലീസ് കമ്മിഷണറായാണ്!
ചിത്രത്തിലെ നായകന്‍ ജയസൂര്യ തന്നെ. ഒരു ഇടവേളക്കു ശേഷം ജയസൂര്യ നായകനാവുമ്പോള്‍, അതും പൊലീസ് നായകനാവുമ്പോള്‍ പ്രേക്ഷകര്‍ ആ ചിത്രത്തെ എങ്ങനെ സ്വീകരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സിനിമ സംവിധാനം ചെയ്യുന്നത് ഇതുവരെ ചെയ്ത ഒരു സിനിമയും വിജയിപ്പിക്കാനാവാത്ത വി.കെ.പ്രകാശാണ്. വി.കെ.പ്രകാശ് സംവിധാനം ചെയ്ത മുല്ലവള്ളിയും തേന്മാവും, ദി പൊലീസ്, മൂന്നാമതൊരാള്‍ എന്നീ ചിത്രങ്ങള്‍ ബോക്സോഫീസ് ദുരന്തങ്ങളായിരുന്നു.
എസ്. എന്‍. സ്വാമിയുടേതാണ് തിരക്കഥ. മണിക്കുട്ടന്‍, സായികുമാര്‍, ജഗതി, ടി.ജി.രവി, അഗസ്റ്റിന്‍, മാള, സ്കന്ദ, വാണി ബിന്ദു പണിക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വയലാര്‍ ശരത്ചന്ദ്ര വര്‍മയുടെ വരികള്‍ക്ക് അലക്സ് പോള്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ആര്‍. ഗണേഷ്.


Click it and Unblock the Notifications











