അന്ധനായ ക്രിക്കറ്ററായി ജയസൂര്യ
കരിയറില്‍ ഏറെ വ്യത്യസ്തകള്‍ ആഗ്രഹിക്കുകയും പരീക്ഷിയ്ക്കുകയും ചെയ്തിട്ടുള്ള താരമാണ് ജയസൂര്യ. പലചിത്രങ്ങളിലും നായകനടനെന്നുള്ള ഇമേജ് നോക്കാതെ നെഗറ്റീവ് വേഷങ്ങളും ജയസൂര്യ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ജയസൂര്യ വ്യത്യസ്തതയ്ക്ക് പിന്നാലെ പോയപ്പോഴെല്ലാം അത് ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായി മാറാന്‍ ഒരുങ്ങുകയാണ് താരം.
ബോബന്‍ സാമുവല്‍ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ അന്ധനായ ക്രിക്കറ്റ് കളിക്കാരന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നതെന്നാണ് വിവരം. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചികൂടാതെ ബാംഗ്ലൂരും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. നേരത്തേ താങ്ക് യു എന്ന ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയ അരുണ്‍ ലാലാണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്.

ആദ്യം നായകനായി അഭിനയിച്ച ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന ചിത്രത്തില്‍ സംസാരിക്കാത്ത യുവാവായിട്ടായിരുന്നു ജയസൂര്യ അഭിനയിച്ചത്. ഇപ്പോഴിതാ അന്ധന്റെ വേഷത്തിലും താരമെത്തുകയാണ്. കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിട്ടും ഇഷ്ടവിനോദമായ ക്രിക്കറ്റുമായി മുന്നോട്ടുപോവുകയും അന്ധരുടെ ക്രിക്കറ്റ് ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്യുന്ന യുവാവിന്റെ കഥയാണ് ഈ ചിത്രം. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ആരണ്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ ഇതില്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത് അപര്‍ണ ഗോപിനാഥ് ആണ്. ഈ കഥാപാത്രം വലിയ വെള്ളിവിൡയാണെന്ന് തനിയ്ക്ക് തോന്നുന്നില്ലെന്നും പക്ഷേ തീര്‍ത്തും വ്യത്യസ്തയുള്ളതുകൊണ്ടാണ് താന്‍ ഈ ചിത്രം ചെയ്യാന്‍ തീരുമാനിച്ചതെന്നും ജയസൂര്യ പറയുന്നു.


Click it and Unblock the Notifications