ആട് ബിരിയാണി കഴിച്ച് ആ സര്‍പ്രൈസ് പുറത്ത് വിട്ട് ജയസൂര്യയും വിജയ് ബാബുവും! ആട് 3 ന് അധികം താമസമില്ല
നടന്‍ ജയസൂര്യയുടെ കരിയര്‍ ബെസ്റ്റ് സിനിമയായിരുന്നു ആട് 2. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിലെ ഷാജി പാപ്പാന്‍ എന്ന കഥാപാത്രമായിരുന്നു ജയസൂര്യയെ സോഷ്യല്‍ മീഡിയയിലൂടെ തരംഗമാക്കാന്‍ സാഹയിച്ചത്. ഈ സിനിമ തിയറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും ടോറന്റില്‍ റിലീസ് ചെയ്തതോടെയാണ് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയത്.
പിന്നീട് രണ്ടാം ഭാഗമായി ഒരുക്കി പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ഇതിനിടെ മൂന്നാം ഭാഗം വരുന്ന കാര്യവും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. അധികം വൈകാതെ തന്നെ ആട് 3 വരുമെന്ന കാര്യമാണ് നിര്‍മാതാവ് വിജയ് ബാബു ഇപ്പോള്‍ പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ജയസൂര്യയുടെ തൃശൂര്‍ പൂരം എന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു ആടിന്റെ മൂന്നാം ഭാഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ വന്നത്.

ജയസൂര്യ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂര്‍ പൂരം. രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എസ്‌കേപ്പ് ഫ്രം ഉഗാണ്ട, അന്നും ഇന്നും എന്നും, സാള്‍ട്ട് മാംഗോ ട്രീ, കല്യാണം എന്നീ സിനിമകള്‍ക്ക് ശേഷം രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. തൃശൂരും തൃശൂര്‍ ഭാഷയും പൂരവുമെല്ലാം ആസ്പദമാക്കി ഒരുക്കുന്ന സിനിമയൊരു ആക്ഷന്‍ ചിത്രമാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് നിര്‍മാണം.

പ്രശസ്ത സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥാകൃത്തായി അരേങ്ങേറ്റം നടത്തുന്നു എന്ന പ്രത്യേകതയും തൃശൂര്‍ പൂരത്തിനുണ്ട്. സംഗീത സംവിധാനവും ഇദ്ദേഹം തന്നെയാണ്. ഷൂട്ടിങ് പൂര്‍ത്തിയാക്കി ഡബ്ബിംഗ് അടക്കം പോസ്റ്റ് പ്രൊഡക്ഷന്‍ നടന്ന് കൊണ്ടിരിക്കുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം ഒത്ത് ചേര്‍ന്നിരിക്കുകയാണ്. ലൊക്കേഷനില്‍ നിന്നും ബിരിയാണി ഉണ്ടാക്കിയാണ് സിനിമാ സംഘം പിരിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വിജയ് ബാബു ഫേസ്ബുക്കിലൂടെ ലൈവിലെത്തിയിരിുന്നു.

ആടിന് ശേഷമുള്ള മാസ് പരിപാടിയാണ് തൃശൂര്‍ പൂരമെന്നാണ് ജയസൂര്യ പറഞ്ഞിരിക്കുന്നത്. മറ്റ് തടസ്സങ്ങളെല്ലം മാറിയാല്‍ ഈ ഡിസംബറില്‍ തന്നെ തൃശൂര്‍ പൂരം റിലീസ് ചെയ്യുമെന്നാണ് വിജയ് ബാബു പറയുന്നത്. ആട് ബിരിയാണി ഉണ്ടാക്കി തൃശൂര്‍ പൂരം ഷൂട്ടിങ് പൂര്‍ത്തിയാക്കിയെന്നും ഈ അവസരത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കുകയാണെന്നും പറഞ്ഞാണ് ആട് മൂന്നാം ഭാഗത്തെ കുറിച്ച് വിജയ് ബാബു പറഞ്ഞത്. അടുത്ത വര്‍ഷം ഓണത്തിന് മുന്നോടിയായി ആട് 3 വരും. അതിന് വേണ്ടി മേയ്, ഏപ്രില്‍ മാസം ഷൂട്ടിങ് ആരംഭിക്കുമെന്നും വിജയ് ബാബു വ്യക്തമാക്കി.

വിനായകനെ വിളിച്ചു ഓക്കെയാണ്, സണ്ണി വെയിനും ഷൂട്ടിങിന് തയ്യാറാണ്. ധര്‍മജനെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും എല്ലാം ഓക്കെ ആയി വരുമെന്നാണ് കരുതുന്നതെന്നും വിജയ് ബാബു പറയുന്നു. ആടിന്റെ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും ലൊക്കേഷനില്‍ എത്തിയിരുന്നു. എല്ലാവര്‍ക്കും ആട് ബിരിയാണി വായില്‍ വെച്ച് കൊടുത്ത് കൊണ്ടായിരുന്നു ജയസൂര്യ സന്തോഷം പങ്കുവെച്ചത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആണ് ഈ സിനിമകള്‍ നിര്‍മ്മിക്കുന്നത്. നിര്‍മാണത്തിനൊപ്പം പ്രധാനപ്പെട്ടൊരു വേഷവും താരം അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











