തൃശൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവറായി ജയസൂര്യ
പ്രേക്ഷകശ്രദ്ധനേടിയ പുണ്യാളന്‍ അഗര്‍ബത്തീസ്, ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍, ഹാപ്പി ജേര്‍ണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം ജയസൂര്യ തൃശൂരിലെ ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷത്തിലെത്തുന്നു. മത്തായിയുടെ സുവിശേഷങ്ങള്‍ എന്ന പുതിയ ചിത്രത്തിലാണ് സാധാരണക്കാരനായ ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ജയസൂര്യയെത്തുന്നത്.
തൃശൂര്‍ സ്വദേശിയായ മത്തായി എന്ന ഓട്ടോ ഡ്രൈവറുടെ കഥയാണ് ചിത്രം പറയുന്നത്. മത്തായിയായി എത്തുന്നത് ജയസൂര്യയാണ്. വളരെ ഹ്യൂമര്‍സെന്‍സുള്ള നിഷ്‌കളങ്കനായ ഒരു യുവാവായിട്ടാണ് ജയസൂര്യ ചിത്രത്തില്‍ വേഷമിടുന്നത്. എല്ലാവരുടെയും കാര്യങ്ങളില്‍ ഇടപെടുന്ന സ്വഭാവക്കാരനായ ഈ കഥാപാത്രത്തിന് പിന്നീട് വലിയ പ്രശ്‌നങ്ങളെ നേരിടേണ്ടിവരുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

അക്കു അക്ബറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മിയ ജോര്‍ജ്ജാണ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നത്. അക്കു അക്ബര്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണ് മത്തായിയുടെ സുവിശേഷങ്ങള്‍. അതുകൊണ്ടുതന്നെ ചിത്രത്തിന് എന്തെങ്കിലും പ്രത്യേകതയുണ്ടാകുമെന്നകാര്യമുറപ്പാണെന്നും ജയസൂര്യ പറയുന്നു. ചിത്രത്തില്‍ ശ്രീജിത്ത് രവി, മുകേഷ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഓഗസ്റ്റില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും.
റിലീസിന് തയ്യാറായിരിക്കുന്ന ജയസൂര്യയുടെ പുതിയ ചിത്രങ്ങള്‍ മാധവ് രാമദാസിന്റെ അപ്പോത്തിക്കിരി, ഇയ്യോബിന്റെ പുസ്തകം എന്നിവയാണ്. രണ്ട് ചിത്രങ്ങളും തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications











