വിഘ്‌നേശിന്റെ ആഗ്രഹം സഫലീകരിച്ച് ജയസൂര്യ! പ്ലയേഴ്‌സിലെ ബാലതാരത്തെ തിരിച്ചറിഞ്ഞ കൂടിക്കാഴ്ച!
താരങ്ങളെ നെഞ്ചിലേറ്റി ജീവിക്കുന്നവര്‍ നിരവധിയാണ്. പ്രിയതാരത്തിന്റെ സിനിമകള്‍ റിലീസ് ദിനത്തില്‍ കാണുന്നതും അവരുമായി ബന്ധപ്പെട്ട വിശേഷങ്ങളറിയുന്നതുമൊക്കെയാണ് ആരാധകരുടെ സന്തോഷം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആരാധ്യപുരുഷനായ ജയസൂര്യയെ കാണാനായതിന്റെ സന്തോഷത്തിലാണ് വിഘ്‌നേശ്. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തില്‍ നിന്നും തിരിച്ച് ജീവിതത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ആഗ്രഹിച്ച കൂടിക്കാഴ്ച നടന്നത്. നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട് വിഘ്‌നേശ്. സനല്‍ സംവിധാനം ചെയ്ത ജയസൂര്യ ചിത്രമായ പ്ലയേഴ്‌സിലും അഭിനയിച്ചിട്ടുണ്ട്. വിഘ്‌നേശ് പറഞ്ഞപ്പോഴാണ് താരത്തിന് അത് മനസ്സിലായത്.
എംടി വാസുദേവന്‍ നായരുടേതുള്‍പ്പടെ നിരവധി സിനിമകളിലാണ് വിഘ്‌നേശ് ബാലതാരമായും അല്ലാതെയുമായി തിളങ്ങിയത്. സിനിമയും നൃത്തവും ബോക്‌സിങ്ങും ഏറെ പ്രിയപ്പെട്ടതായിരുന്നു ഈ ചെറുപ്പക്കാരന്. ഹരികുമാര്‍ ചിത്രമായ പുലര്‍വെട്ടത്തില്‍ പ്രധാന കഥാപാത്രമായ ബാലുവിനെ അവതരിപ്പിച്ചത് വിഘ്‌നേശായിരുന്നു. കുബേരന്‍, മധുരനൊമ്പരക്കാറ്റ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങിയ സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും വിഘ്‌നേശ് അഭിനയിച്ചിരുന്നു. ജയസൂര്യയും അല്ലു അര്‍ജുനുമാണ് പ്രിയപ്പെട്ട താരങ്ങള്‍. ആദ്യ ഷോയില്‍ത്തന്നെ ജയസൂര്യയുടെ സിനിമകളെല്ലാം കാണുമായിരുന്നു. അല്ലു അര്‍ജുന്റെ നൃത്തച്ചുവടുകളും സ്വായത്തമാക്കാറുണ്ടായിരുന്നു. അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെത്തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ നൃത്തപരിശീലനവും നിര്‍ത്തുകയായിരുന്നു.

അങ്കമാലി ഫിസാറ്റില്‍ നിന്ന് ബിടെക് പൂര്‍ത്തിയാക്കിയ വിഘ്‌നേഷ് ഓട്ടോമൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരരികയായിരുന്നു. അതിനിടയിലാണ് ജീവിതത്തെ തന്നെ തകര്‍ത്ത അപകടമുണ്ടായത്. തലയിലെ ക്ഷതം കാരണം മാസങ്ങളോളം പ്രിയപ്പെട്ടവരെപ്പോലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അപ്പോഴും ഡാന്‍സും സിനിമയും ബോക്‌സിങ്ങും മനസ്സിലുണ്ടായിരുന്നു. ജയസൂര്യയെ കാണുകയെന്ന വലിയ മോഹമാണ് കഴിഞ്ഞ ദിവസം സഫലീകരിച്ചത്. കോഴിക്കോട്ടെത്തിയ ജയസൂര്യ വിഘ്‌നേശിനേയും കുടുംബത്തേയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications