ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെ പുതിയ ചിത്രവുമായി ലാല്‍ ജൂനിയര്‍! സുനാമിയുടെ ടൈറ്റില്‍ പോസ്റ്റര്‍
ഡ്രൈവിംഗ് ലൈസന്‍സിന്റെ വിജയത്തിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന സംവിധായകനാണ് ലാല്‍ ജൂനിയര്‍. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിച്ച സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായിയിരുന്നു. ക്രിസ്മസ് റിലീസായി എത്തിയ ചിത്രത്തിന്റെ വിജയം സംവിധായകന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഡ്രൈവിംഗ് ലൈസന്‍സിന് പിന്നാലെയുളള തന്റെ പുതിയ ചിത്രം സംവിധായകന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ക്രിസ്മസ് ദിനത്തിലാണ് സുനാമി എന്ന് പേരിട്ട സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ലാല്‍ജൂനിയര്‍ പുറത്തുവിട്ടത്. മകന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് നടനും സംവിധായകനുമായ ലാലാണ്. ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കികൊണ്ടാണ് സിനിമ ഒരുക്കുന്നത്. സിനിമയില്‍ അജു വര്‍ഗീസ് അടക്കമുളള മലയാളത്തിലെ ശ്രദ്ധേയ താരങ്ങള്‍ അഭിനയിക്കുന്നുണ്ട്.
പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അലന്‍ ആന്റണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹണി ബീ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ലാല്‍ ജൂനിയര്‍ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഹായ് ഐആം ടോണി, ഹണി ബീ 2 എന്നീ സിനിമകളും സംവിധായകന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. ഫീച്ചര്‍ ഫിലിമുകള്‍ക്ക് പുറമെ ഹ്രസ്വ ചിത്രങ്ങളും ജീന്‍ പോള്‍ ലാലിന്റെതായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications











