മമ്മൂക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ എറ്റവും വലിയ അനുഭവമാണ്! ജോഫിന്‍ ടി ചാക്കോ
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ക്കായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍ താരം ഇക്കൊല്ലവും മുന്നേറികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദ പ്രീസ്റ്റ്. വൈദികനായി മമ്മൂട്ടി എത്തുന്ന ചിത്രം നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

ദ പ്രീസ്റ്റിന്റെതായി മുന്‍പ് പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വൈദിക വേഷത്തിലുളള മമ്മൂട്ടിയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഫസ്റ്റ്‌ലുക്കായിരുനുന്നു പുറത്തിറങ്ങിയിരുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂക്കയോടൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ മനസുതുറന്നിരുന്നു.
അദ്ദേഹത്തെ നായകനാക്കി ഒരു സിനിമ ചെയ്യാനായത് തന്റെ ജീവിതത്തിലെ എറ്റവും വലിയ അനുഭവമാണ് എന്നാണ് സംവിധായകന്‍ പറഞ്ഞത്. ഒരു ത്രില്ലര്‍ ചിത്രമാണ് ദ പ്രീസ്റ്റ് എന്നും സവിധായകന്‍ വെളിപ്പെടുത്തി. ലോക് ഡൗണിന് മുന്‍പ് മമ്മൂക്കയെ വെച്ചുളള ഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇനി മഞ്ജു വാര്യരെ വെച്ചുളള സീനുകളാണ് പൂര്‍ത്തിയാക്കാനുളളത്. കൊച്ചി, കുട്ടിക്കാനം തുടങ്ങിയവിടങ്ങളിലാകും ബാക്കി ഭാഗങ്ങളുടെ ഷൂട്ടിംഗ് നടക്കുക. അഭിമുഖത്തില്‍ ജോഫിന്‍ ടി ചാക്കോ പറഞ്ഞു.
മമ്മൂട്ടിക്കും മഞ്ജു വാര്യര്‍ക്കും പുറമെ നിഖില വിമല്‍, വെങ്കിടേഷ്, ബേബി മോണിക്ക, രമേഷ് പിഷാരടി, മധുപാല്‍, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വണ്‍ എന്ന ചിത്രത്തിന് പിന്നാലെയാകും ദ പ്രീസ്റ്റ് തിയ്യേറ്ററുകളിലേക്ക് എത്തുക.
ദ പ്രീസ്റ്റിന് പിന്നാലെ ബിലാല്‍, സത്യന്‍ അന്തിക്കാട് ചിത്രം എന്നിവയും മമ്മൂട്ടിയുടെതായി വരാനിരിക്കുന്ന സിനിമകളാണ്. പുതുമുഖ സംവിധായകരെ ധാരാളമായി മലയാളത്തില്‍ പരിചയപ്പെടുത്തിയ താരമാണ് മമ്മൂട്ടി. നവാഗതര്‍ക്കൊപ്പമുളള മെഗാസ്റ്റാറിന്റെ സിനിമകള്‍ ഇന്‍ഡസ്ട്രിയില്‍ വലിയ വിജയം നേടിയിരുന്നു. ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് ഒരു നവാഗത സംവിധായകനൊപ്പമുളള ചിത്രവുമായി സൂപ്പര്‍ താരം എത്തുന്നത്.


Click it and Unblock the Notifications