ആരാണ് യഥാര്‍ത്ഥ പെരുച്ചാഴി?, ജോയ് മാത്യു പറയുന്നു
മോഹന്‍ലാലിന്റെ സിനിമകളിലെ ഡയലോഗുകള്‍ ചുഴിഞ്ഞെടുത്ത് നടനെ വിമര്‍ശിച്ച സംവിധായകന്‍ കൂടെയായ ഡോക്ടര്‍ ബിജുവിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. യഥാര്‍ത്ഥ പെരുച്ചാഴി ആര് എന്ന തലക്കെട്ടാണ് പോസ്റ്റിന് നല്‍കിയിരിക്കുന്നത്.
മോഹന്‍ലാലിനെ വ്യക്തിപരമായി അറിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യുവിന്റെ പോസ്റ്റ് തുടങ്ങുന്നത്. അറിയുന്ന മോഹന്‍ ലാല്‍ എന്നെ എക്കാലവും അത്ഭുതപ്പെടുത്തിയിട്ടുള്ള മികച്ച നടന്‍മാരില്‍ ഒരാളാണെന്ന് ജോയ് മാത്യു എഴുതി.

ഒരു നടന്‍/നടി അഭിനയിച്ച സിനിമയിലെ കഥാപാത്രം പറയേണ്ട സംഭാഷണം എഴുതുന്നത് അഭിനേതാവല്ല, എഴുത്തുകാരനാണ്. സിനിമയുടെ ആകെത്തുക പ്രേക്ഷകന് എന്ത് നല്‍കുന്നു എന്നിടത്താണ് സിനിമ നല്ലതോ ചീത്തയോ എന്ന് പ്രേക്ഷകന് തീരുമാനിക്കാന്‍ കഴിയുക. അല്ലാതെ ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണ ശകലം തോണ്ടിയെടുത്ത് ആ സിനിമയില്‍ അഭിനയിച്ചു പോയി എന്ന കുറ്റം ചുമത്തി മോഹന്‍ലാല്‍ എന്ന നടനെ ആക്രമിക്കുന്നതിനെ ഒരു മാനസിക പ്രശ്‌നമായി കാണുകയാണ് വേണ്ടത്- ജോയ് മാത്യു പോസ്റ്റി.
സിനിമകളുടെ പേര് ചേര്‍ത്ത് വച്ചാണ് ജോയ്മാത്യുവിന്റെ പോസ്റ്റ്. മോഹന്‍ലാല്‍ എന്ന നടനെ മാത്രം ഇത്തരുണത്തില്‍ ആക്രമിക്കുന്നതിന്റെ ഉദ്ദേശം മനസ്സിലാക്കാനും ചികിത്സിച്ചു സൗഖ്യം നേടാനും വൈദ്യം പഠിച്ച ഒരു 'അപ്പോത്തിക്കരി'യെ കാണുകയാണ് വേണ്ടത് അല്ലാതെ, 'വീട്ടിലേക്കുള്ള വഴി' അറിയാതെ 'ആകാശത്തിന്റെ നിറം' നോക്കി നടക്കുന്ന സമയം, തങ്ങള്‍ക്കു അവകാശപ്പെട്ട മണ്ണിനു വേണ്ടി കഴിഞ്ഞ 68 ദിവസമായി ആദിവാസികള്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തിവരുന്ന നില്‍പ് സമരപ്പന്തലില്‍ ഒന്ന് എത്തി നോക്കുകയെങ്കിലും ചെയ്ത് സ്വന്തം മനോനില വീണ്ടെടുക്കുകയാണ് ഇയാള്‍ ചെയ്യേണ്ടതെന്നും ജോയ് മാത്യു പറയുന്നു.
ഒമ്പതിനായിരത്തിലധികം പേര്‍ ജോയ് മാത്യുവിന്റെ പോസ്റ്റിന് ലൈക്കടിച്ചിട്ടുണ്ട്. ആയിരത്തിലധികം പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. പോസ്റ്റിന് താഴെ വരുന്ന കമന്റുകളോട് ജോയ് മാത്യു പ്രതികരിക്കുകയും ചെയ്യുതതോടെ വിഷയം അവിടെയും ചര്‍ച്ചയായി.


Click it and Unblock the Notifications