»   » അവാര്‍ഡ് വേണ്ടെന്ന് സംവിധായകന്‍, വേണമെന്ന് നായകന്‍

അവാര്‍ഡ് വേണ്ടെന്ന് സംവിധായകന്‍, വേണമെന്ന് നായകന്‍

Posted By:
Subscribe to Filmibeat Malayalam
Lal and Joy Mathew
കോഴിക്കോട്: അവാര്‍ഡ് തനിക്ക് 'ഇച്ചീച്ചി'യാണെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ വേദിയിലുണ്ടായ നായകന് അവാര്‍ഡ് ലഭിക്കാതിരുന്നതിന്റെ കുണ്ഠിതം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെയുള്ള രോഷപ്രകടനം സംവിധായകന്‍ ചൊരിഞ്ഞ പരിപാടിയില്‍ തനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതിനുള്ള വിഷമം പ്രധാന നടന്‍ തുറന്നുപറഞ്ഞത്.

ജൂറിമാര്‍ക്ക് കണ്ണും കാതുമില്ലെന്ന ആരോപണവുമായാണ് 'ഷട്ടര്‍' സംവിധായകന്‍ ജോയ് മാത്യു വീണ്ടും രംഗത്തെത്തിയത്. മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് തനിക്ക് ലഭിക്കാതിരുന്നത് നന്നായെന്ന് ആശ്വാസം കൊണ്ട ജോയ് മാത്യു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ താനത് വേണ്ടെന്ന് വയ്ക്കുമായിരുന്നുവെന്നും തുറന്നടിച്ചു. മാത്രമല്ല, മികച്ച നവാതസംവിധായകനുള്ള അവാര്‍ഡ് കിട്ടുമോ എന്ന് ഭയന്നിരുന്നതായും ജോയ് മാത്യു വ്യക്തമാക്കി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ഷട്ടറിലെ പ്രധാന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ജോയ് മാത്യു വിമര്‍ശനത്തിന്റെ കെട്ടഴിച്ചുവിട്ടത്.

ഷട്ടറിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നെങ്കില്‍ കിട്ടട്ടെയെന്ന് കരുതിയാണ് പടം താന്‍ അവാര്‍ഡിന് അയച്ചത്. കാര്യമായി അവാര്‍ഡുകള്‍ കിട്ടിയിരുന്നെങ്കില്‍ അത് സിനിമയുടെ പ്രദര്‍ശനത്തെ ബാധിക്കുമായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. അവാര്‍ഡ് സിനിമകളെ ജനം മുന്‍വിധിയോടെയാണ് നോക്കിക്കാണുന്നതെന്നതിനാല്‍ അവാര്‍ഡ് അധികം ലഭിക്കാതിരിക്കട്ടെ എന്നാണ് താന്‍ ആഗ്രഹിച്ചതെന്നും ജോയ് മാത്യു വ്യക്തമാക്കി. മികച്ച നവാഗത പ്രതിഭയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തന്ന് നാണം കെടുത്തുമോയെന്ന് പേടിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. നല്ല സിനിമകളെ തിരിച്ചറിയാന്‍ കഴിവുള്ളവരായിരിക്കണം അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റികളില്‍ ജൂറികളാകേണ്ടത്. കുറഞ്ഞത് രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലെങ്കിലും പങ്കെടുത്തവരെ മാത്രമെ ജൂറികളില്‍ ഉള്‍പ്പെടുത്താവു എന്നും ജോയ് മാത്യു നിര്‍ദ്ദേശം മുന്നോട്ടുവച്ചു.

എന്നാല്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും ലഭിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്നും ഷട്ടറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലാല്‍ പറഞ്ഞു. ഈ വര്‍ഷം മധുപാലിന്റെ ഒഴിമുറി, ജോയ് മാത്യുവിന്റെ ഷട്ടര്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് സിനിമകളിലും ഏറെ ബുദ്ധിമുട്ടിയാണ് അഭിനയശേഷി ആവശ്യമുള്ള കഥാപാത്രങ്ങളെ താന്‍ അവതരിപ്പിച്ചത്. അത് നന്നായി തന്നെ ചെയ്തുവെന്ന് തന്നെയാണ് ഇപ്പോഴും തന്റെ വിശ്വാസം. പ്രതീക്ഷിച്ച അവാര്‍ഡ് ലഭിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്നും ലാല്‍ പറഞ്ഞു.

English summary
Filmmaker Joy Mathew questioned the credentials of Kerala state awards. He dont believe in this kind of awards, but actor lal says he expected one

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam